അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ.എല്‍.പി സ്‌കൂളും വിദ്യാര്‍ഥികളാല്‍ സജീവമാകുകയാണ്. ഓരോ വര്‍ഷവും നിരവധി പുതിയ കുട്ടികളാണ് തെയ്യങ്ങാട് സ്‌കൂളില്‍ പ്രവേശനം നേടുന്നത്. 115 ആണ്‍കുട്ടികളും 124 പെണ്‍കുട്ടികളുമായി 239 പുതിയ വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം പുതുതായി ഒന്നാം ക്ലാസില്‍ എത്തിയിരിക്കുന്നത്. 405 ആണ്‍കുട്ടികളും 378 പെണ്‍കുട്ടികളുമുള്‍പ്പെടെ എല്‍.പി വിഭാഗത്തില്‍ 783 വിദ്യാര്‍ഥികളുണ്ട്. പ്രീ പ്രൈമറി ഉള്‍പ്പെടെ ആയിരത്തിലധികം വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്.

2007 ല്‍ അണ്‍ എക്കണോമിക് ആയി അടച്ചുപൂട്ടാന്‍ തീരുമാനിച്ച വിദ്യാലയമാണ് തെയ്യങ്ങാട് ഗവ.എല്‍.പി സ്‌കൂള്‍. തുടര്‍ന്ന് ജനപ്രതിനിധികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഗവ. എല്‍.പി സ്‌കൂളില്‍ ഒന്നായി തെയ്യങ്ങാട് ഗവ.എല്‍.പി സ്‌കൂളും മാറിയത്.

പ്രധാന അധ്യാപകരുടെയും മറ്റ് അധ്യാപകരുടെയും പി.ടി.എയുടെ സഹകരണവും സ്‌കൂളിനെ ഉന്നതിയിലേക്ക് കൈപ്പിടിച്ചു ഉയര്‍ത്തി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മികച്ച കെട്ടിടങ്ങള്‍, ഹൈടെക് ക്ലാസ് മുറികള്‍, പുസ്തകപ്പുര, സയന്‍സ് പാര്‍ക്ക്, ഓഡിറ്റോറിയം, അടുക്കള, ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഓപ്പണ്‍ സ്റ്റേജും തുടങ്ങി നിരവധി സൗകര്യങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. സ്‌കൂളില്‍ മുറ്റം ടൈല്‍ പതിക്കുകയും ഭംഗിയുള്ള പൂന്തോട്ടം ഒരുക്കുകയും ചെയ്തിട്ടുണ്ട്.