ഒന്നര വര്ഷത്തെ അടച്ചിടലിന് ശേഷം കേരളപ്പിറവി ദിനത്തില് സ്‌കൂളുകള് വീണ്ടും തുറന്നു. സ്കൂൾ തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി മനോഹരമായി അലങ്കരിച്ച ക്ലാസുകളിലേക്ക് പൂച്ചെണ്ടുകള് നല്കി അധ്യാപകര് കുട്ടികളെ വരവേറ്റു. ആദ്യ ദിവസം ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തിയത് 1,05,578 കുട്ടികളാണ്. ഒന്ന് മുതൽ എട്ട് വരെ 2,84,809 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 32, 926 കുട്ടികളും ഉൾപ്പെടെ 3,17,735 കുട്ടികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ഒന്നാം തരത്തിൽ 8699, രണ്ടാം തരം – 8621, മൂന്നാം തരം -9303, നാലാം തരം – 10516, അഞ്ചാം തരം -11740, ആറാം തരം – 9884, ഏഴാം തരം – 11951, പത്താം തരം – 24161, പ്ലസ്ടു -10703 എന്നിങ്ങനെയാണ് കുട്ടികളെത്തിയത്. എട്ട്, ഒമ്പതാം തരക്കാർക്ക് ഇന്ന് ക്ലാസ് ആരംഭിച്ചിട്ടില്ല. അധ്യാപകർ എൽ.പി വിഭാഗത്തിൽ 4439 പേരും, യു.പി – 4226, ഹൈസ്കൂൾ – 4248, ഹയർ സെക്കന്ററി – 1836 എന്നിങ്ങനെയാണ് ജോലിക്കെത്തിയത്.
രാവിലെ ഒമ്പതുമുതല് കുട്ടികളും രക്ഷിതാക്കളും സ്‌കൂളുകളിലെത്തി തുടങ്ങി. ആദ്യമായി സ്‌കൂളിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ഒന്ന്, രണ്ട് ക്ലാസുകാര്. സര്ക്കാരിന്റെ കോവിഡ് മാര്ഗനിര്ദേശങ്ങള് പ്രകാരം മാസ്‌ക് ധരിച്ചാണ് കുട്ടികളെത്തിയത്. അധ്യാപകര് കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം സാനിറ്റൈസര് നല്കി പേരും മറ്റുവിവരങ്ങളും ശേഖരിച്ച് ക്ലാസുകളില് പ്രവേശിപ്പിച്ചു.
അധ്യാപകര്ക്കൊപ്പം പി.ടി.എ അംഗങ്ങളും ചേര്ന്നാണ് കുട്ടികളെ വരവേറ്റത്. ഇതോടൊപ്പം പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികള് ക്ലാസുകളില് പ്രവേശിച്ച ശേഷം മധുരവിതരണവും ക്ലാസിനുശേഷം ആവശ്യമുള്ള കുട്ടികള്ക്ക് ഉച്ചഭക്ഷണവിതരണവും നടത്തി.
ഒരു ബെഞ്ചില് രണ്ട് കുട്ടികള് എന്ന രീതിയിലാണ് ക്ലാസുകള് ക്രമീകരിച്ചിട്ടുള്ളത്. ആദ്യദിനങ്ങളില് പഠനത്തിലേക്ക് കടക്കാതെ കുട്ടികളുടെ മാനസികനില പരുവപ്പെടുത്തുന്നതിനുള്ള കളികളും പാട്ടും കഥകളുമായാണ് ക്ലാസ് നടത്തുക. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് രക്ഷിതാക്കളെ ക്ലാസുകളുടെ പരിസരത്തേക്ക് പ്രവേശിപ്പിച്ചില്ല. കുട്ടികള് കൂട്ടം കൂടുന്നത് ഒഴിവാക്കാനും കോവിഡ് മാനദണ്ഡങ്ങള് പാലിക്കുന്നുണെന്ന് ഉറപ്പാക്കാനും അധ്യാപകര്ക്ക് നിര്ദേശം നല്കിയിരുന്നു.
ആവശ്യമായ ഇടങ്ങളിലെല്ലാം സോപ്പ്, വെള്ളം, സാനിറ്റൈസര് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യത്തിന് കോവിഡ് പ്രതിരോധ സാമഗ്രികളും കരുതിവെച്ചിട്ടുണ്ട്. ഒക്ടോബര് 30 ന് തന്നെ ജില്ലയിലെ സ്‌കൂളുകള് ശുചീകരണ, സുരക്ഷാ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി കുട്ടികളെ സ്വീകരിക്കാനൊരുങ്ങിയിരുന്നു.
രക്ഷിതാക്കളില് നിന്നും സമ്മതപത്രം വാങ്ങിയശേഷമാണ് കുട്ടികളെ സ്‌കൂളുകളില് വരാന് അനുവദിക്കുന്നത്. കുട്ടികള് പാലിക്കേണ്ട കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് രക്ഷിതാക്കള്ക്ക് കൈമാറിയിരുന്നു. ഇതുകൂടാതെ കോവിഡ് പ്രോട്ടോകോള് വിവരിച്ചുകൊണ്ടുള്ള ബോര്ഡുകളും പോസ്റ്ററുകളും സ്‌കൂളുകളില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച അധ്യാപകരും ജീവനക്കാരും മാത്രമേ ജോലിയില് പ്രവേശിക്കാവു എന്നും നടപടി സ്വീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ഉപഡയക്ടറും മറ്റ് വിദ്യാഭ്യാസ ഓഫീസർമാരും ജില്ലയിലെ സ്കൂളുകളിൽ സന്ദർശനം നടത്തി. ചെർപ്പുളശേരി സബ് ജില്ലയിലെ ഒരു സ്കൂൾ പ്രധാനാധ്യാപകൻ കോവിഡ് ബാധിതനാവുകയും മറ്റ് അധ്യാപകർ നിരീക്ഷണത്തിലാവുകയും ചെയ്തതിനെ തുടർന്ന് തുറന്ന് പ്രവർത്തിച്ചിട്ടില്ല.