അന്തർ‍ സംസ്ഥാന നദീജല വിഷയം – ത്രിതല സമിതി രൂപീകരിച്ചു

അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിന് ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍, അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ എന്നിങ്ങനെയാണ് ഇത്. നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.

അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം വകുപ്പ്, ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പര്‍മാരാകും.

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ കേരളത്തിന്‍റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൗണ്‍സില്‍ എടുക്കും. സുപ്രീംകോടതിയില്‍ അല്ലെങ്കില്‍ അന്തര്‍ സംസ്ഥാന നദീജല ട്രൈബ്യൂണലില്‍ വരുന്ന കേസുകള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിക്കും. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കലും സമിതിയുടെ ചുമതലയാണ്.

ചീഫ് സെക്രട്ടറി ചെയര്‍മാനായ അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റിയില്‍ ജലവിഭവ, ഊര്‍ജ്ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയര്‍മാനും അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനീയറും അംഗങ്ങളായിരിക്കും. അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകള്‍ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ഉറപ്പാക്കലും ചുമതലയാണ്.

അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിംഗ് കമ്മിറ്റിക്കും നല്‍കുകയാണ് അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിന്‍റെ ചുമതല.

ഉത്തരവ് റദ്ദാക്കി

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വന്യജീവി)& ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ നവംബര്‍ 5 ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

തമിഴ്നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മരങ്ങള്‍ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ക്ലിയറന്‍സ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതി മുമ്പാകെ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 2021 ജനുവരി 22 ന് ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ മരംമുറിക്കല്‍ അനുവദിക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെയും ദേശീയ വന്യജീവി ബോര്‍ഡിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് കേരള സര്‍ക്കാരിന്‍റെ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെയും സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.

ബഡ്സ് സ്കൂള്‍ സ്ഥാപിക്കും

തൃശ്ശൂര്‍ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഇതിനായി 0.1203 ഹെക്ടര്‍ ഭൂമിയില്‍, 0.1034 ഹെക്ടര്‍ ഭൂമി ആര്‍ ഒന്നിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ കടപ്പുറം ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിക്കും.

ദുരിതാശ്വാസ നിധി

2018 ലെ പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനിടെ അണുബാധയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ആലപ്പുഴ, ആറാട്ടുപുഴ വില്ലേജിലെ വലിയഴീക്കല്‍ സ്വദേശി വി രാകേഷിന്‍റെ ഭാര്യ തുഷാരക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

തസ്തികകള്‍

തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്ക് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഏലത്തൂര്‍, അഞ്ചുതെങ്ങ് സ്റ്റേഷനുകളില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ 10 വീതം തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ അക്കാദമിക്/നോണ്‍ അക്കാദമിക് വിഭാഗങ്ങളിലായി 118 തസ്തികകള്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ വ്യവസ്ഥയില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.