സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി ചെയര്മാന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ മലങ്കര ജലാശയത്തില്‍ പരിശോധന നടത്തി. എല്ലാ വര്‍ഷവും നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സന്ദര്‍ശന സമയത്ത് കണ്ടെത്തിയ ഡാമിലെ ചോര്‍ച്ച തടയുന്നതിനായുള്ള അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി. ഇതിനായി നടത്തിയ പണികള്‍ പ്രയോജനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഡാമിന്റെ അവസ്ഥ തൃപ്തികരമാണ്. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അതിന് സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത ഉദ്യോസ്ഥരമായി ചര്‍ച്ച ചെയ്ത ശേഷം ഗവണ്മെന്റിന് സമര്‍പ്പിക്കും. ഇടുക്കി, കുളമാവ്, മലങ്കര ഡാമുകളിലാണ് മൂന്ന് ദിവസം കൊണ്ട് ചെയർമാൻ സന്ദർശനം നടത്തുന്ന. കുളമാവ് ഡാമിലേക്ക് ചിലഭാഗങ്ങളില്‍ മണ്ണിടിഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവിടെ സന്ദര്‍ശനം നടത്തി തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് തയ്യറാക്കി നല്‍കും.
മലങ്കരയില്‍ ടൂറിസത്തിന് വളരെ സാധ്യതയുള്ള സ്ഥലമാണ്. ബോട്ടിങ് ഉള്‍പ്പെടെയുള്ളവ മലങ്കരയില്‍ നടപ്പാക്കാനാവും. ഇതിനായി പ്രത്യേകം പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും വേണം. ഇതിലൂടെ വലിയ തോതില്‍ വരുമാനം ഉണ്ടാക്കുന്നതിനുമാവും.
ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ പലയിടത്തും ഭൂമി കയ്യേറ്റം നടന്നതായി വിവരമുണ്ട്. ജോലിത്തിരക്കും ക്യാച്ച്മെന്റ് ഏരിയായുടെ വിസ്തൃതിയും മൂലം ഇവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കണമെന്നില്ല. ഡാമിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം പൂര്‍ണ്ണമായും തടയണമെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം സംഭരണിയില്‍ ജലം നിറക്കണം. പൂര്‍ണ സംഭരണ ശേഷിയിലേക്ക് എത്തിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദത്തില്‍ വഴങ്ങാതിരുന്നാല്‍ കയ്യേറ്റം തടയാനും കയ്യേറിയ സ്ഥലങ്ങള്‍ തിരിച്ച് പിടിക്കാനും സാധിക്കുമെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു.