ഭിന്നശേഷിയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവരോടുള്ള കരുതലും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനമായി ആചരിച്ചുവരുന്നു.

സാമൂഹിക പുരോഗതിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഭിന്നശേഷി ദിനാചരണ പരിപാടികള്‍ ‘ഉണര്‍വ് 2021’ എന്ന പേരില്‍ സമുചിതമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കലാപരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. അടിമാലി ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് ഡിസംബര്‍ 3 ന് നടത്തുന്ന ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. എ. രാജ എം.എല്‍.എ നിര്‍വ്വഹിക്കും.

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ദിനാചരണ സന്ദേശം നല്‍കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോളി ജീസസ്, ഓര്‍ഫണേജ് അസോസിയേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ റോസക്കുട്ടി എബ്രഹാം, അടിമാലി പ്രസ് ക്ലബ് സെക്രട്ടറി വി. ആര്‍ സത്യന്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലെന്‍ഡ് പ്രസിഡന്റ് മുഹമ്മദ് നവാസ്, അടിമാലി ക്ലബ്ബ് അംഗം ജേക്കബ് പോള്‍, എല്‍.എല്‍.സി കണ്‍വീനര്‍ ചാക്കോച്ചന്‍ അമ്പാട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. ഗോപകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി.ജെ എന്നിവര്‍ സംസാരിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് ഇത്തവണ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചത്. പ്രസ്തുത മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ വിതരണം ചെയ്യും. രാജേഷ് അടിമാലിയുടെ നേതൃത്വത്തില്‍ കലാവിരുന്നും, കലാമത്സര വിജയികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും