പോർക്കുളം, കാട്ടകാമ്പാൽ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കാർഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതി ഉടൻ ആരംഭിക്കും. 2022 ജനുവരിയിൽ തന്നെ നവീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം സാധ്യതയ്ക്ക് മുൻതൂക്കം നൽകുന്ന പദ്ധതിയാണിത്. ഇതോടൊപ്പം നിലവിലുള്ള കാർഷിക മേഖലയിലെ വികസനത്തിനും ഊന്നൽ നൽകും. പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ എസ് രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

തുടർന്ന് മൈനിങ് ആൻ്റ് ജിയോളജി – ടൂറിസം – പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ കാട്ടകാമ്പാൽ പഞ്ചായത്തിൽ യോഗം ചേർന്നു. പദ്ധതി ആരംഭിക്കുന്നതിൻ്റെ ആദ്യ ഘട്ടമായി ആനക്കുണ്ട് ജലാശയത്തിലെ മണ്ണെടുക്കും. കർഷകർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് മണ്ണ് അവിടെ നിന്ന് നീക്കം ചെയ്യുക. നിലവിലെ ബണ്ട് റോഡിൻ്റെ ബലം കൂട്ടുന്നതോടൊപ്പം വീതിയും വർധിപ്പിക്കും. ടൂറിസം പദ്ധതിയ്ക്കായി പോർക്കുളം പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലമെടുക്കുന്നതുൾപ്പെടെയുള്ള സാധ്യതയും പരിശോധിച്ചു. തൂക്കുപ്പാലം, പാർക്കിങ് ഉൾപ്പെടെയുള്ള ഡി പി ആറും തയ്യാറാക്കും. ഡിസംബർ 15ന് ശേഷം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പ്രദേശത്ത് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.ആനക്കുണ്ട് ജലാശയത്തിൻ്റെ നവീകരണത്തിനായി നഗരസഞ്ചയ പദ്ധതിയില്‍ 1 കോടി രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 2021-22 സംസ്ഥാന ബജറ്റിൽ 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഏറെ പ്രകൃതി രമണീയമായ ഈ പ്രദേശത്ത് ടൂറിസം സാധ്യതയ്ക്കും വലിയ സാധ്യതയാണ് ഉള്ളതെന്നിരിക്കെ ബോട്ട് സർവീസ്, കയാക്കിങ് അടക്കമുള്ളവ വിനോദ സഞ്ചാരികൾക്കായി ഒരുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊന്നാനി കോൾ മേഖല ഉൾപ്പെടുന്ന പ്രദേശത്ത് നിലവിൽ 3 പാടശേഖര സമിതികൾ നെൽകൃഷി നടത്തുന്നത്. 1500 ലേറെ കർഷകരാണ് ഇവിടെയുള്ളത്.
ആനക്കുണ്ടില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാനും ബണ്ടിന്റെ ആഴം കൂട്ടാനും ബണ്ട് വരമ്പ് ബലപ്പെടുത്താനുമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ സിവില്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ മുൻപ് സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ബണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണ്ണ് പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നു.
കാട്ടകാമ്പാല്‍, പോര്‍ക്കുളം പഞ്ചായത്തുകളിലായി 19 ഏക്കറോളം സ്ഥലത്താണ് ആനക്കുണ്ട് സ്ഥിതി ചെയ്യുന്നത്. ആനക്കുണ്ടിലെ വെള്ളത്തെ ആശ്രയിച്ച് കൃഷി ഇറക്കുന്നത് കോട്ടിയാട്ടുമുക്ക് കോള്‍പടവ്, പുല്ലാണിച്ചാല്‍ കോള്‍പടവ്, നമ്പരപടവ് പാടശേഖര സമിതികളാണ്.പതിറ്റാണ്ടുകളായി അടിഞ്ഞു കൂടിയ ചെളി നീക്കുകയും ബണ്ട് വരമ്പ് ബലപ്പെടുത്തുകയും ചെയ്താല്‍ ആനക്കുണ്ടില്‍ വന്‍തോതില്‍ വെള്ളം ശേഖരിക്കാനാവുമെന്നതാണ് ആനക്കുണ്ട് സംരക്ഷണത്തിൻ്റെ മറ്റൊരു പ്രത്യേകത.ആനക്കുണ്ടില്‍ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മാറ്റി ആഴം കൂട്ടണമെന്ന കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യവും ഇനി യാഥാർത്ഥ്യമാകും. ആനക്കുണ്ട് ആഴം കൂടുന്നതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയും.