അതിദരിദ്രരെ കണ്ടെത്തല് പ്രക്രിയയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്ച്ചകള്ക്ക് ജില്ലയില് തുടക്കമായി. ചെര്പ്പുളശ്ശേരി നഗരസഭയിലെ നാലാം വാര്ഡിൽ നിന്നാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജില്ലാതല ഉദ്ഘാടനം അഡ്വ കെ. പ്രേംകുമാര് എം.എല്.എ നിര്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള് അധ്യക്ഷയായി.
ജില്ലയില് 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലുമായി 1730 വാര്ഡ്തല സമിതികളാണ് ഫോക്കസ് ഗ്രൂപ്പ് ചര്ച്ച നടത്തുന്നത്. കുടുംബശ്രീ, സാമൂഹിക സംഘടനകള് തുടങ്ങിയവരുടെ നേതൃത്വത്തില് നടത്തുന്ന ചര്ച്ചകളിലൂടെ കണ്ടെത്തുന്ന അതിദരിദ്രരുടെ പ്രാഥമിക പട്ടിക വാര്ഡ് തലത്തില് വാര്ഡ് മെമ്പറുടെ അധ്യക്ഷതയിലുള്ള സമിതി ക്രോഡീകരിച്ച് മൂന്ന് അംഗങ്ങളുള്ള എന്യൂമറേഷന് ടീമിന് കൈമാറും. ശേഷം ലിസ്റ്റുകള് എം.ഐ.എസില് (മാനേജ്‌മെന്റ് ഇന്ഫര്മേഷന് സിസ്റ്റം) അപ് ലോഡ് ചെയ്ത് എന്യൂമറേഷന് ടീം വീടുകളില് നേരിട്ട് പോയി മൊബൈല് ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നു. എന്യൂമറേഷനിലൂടെ കണ്ടെത്തുന്ന ലിസ്റ്റ് ബ്ലോക്കില് നിന്നുള്ള ടീം സൂപ്പര് ചെക്ക് നടത്തി അനര്ഹരെ ഒഴിവാക്കി ഗ്രാമസഭയുടെ അംഗീകാരത്തിന് ശേഷം ഭരണസമിതി അംഗീകരിച്ച് ഡിസംബര് 31 നകം പഞ്ചായത്തുകളില് അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പദ്ധതിയുടെ ജില്ലാ നോഡല് ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര് അറിയിച്ചു.
കാറല്മണ്ണ സാംസ്‌കാരിക നിലയത്തില് ചേർന്ന യോഗത്തില് കില റിസോഴ്സ് പേഴ്സൺ ഗോപാലകൃഷ്ണൻ ആമുഖ അവതരണം നടത്തി. പരിപാടിയിൽ ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, ചെർപ്പുളശ്ശേരി നഗരസഭ അംഗങ്ങൾ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറും അതിദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ നോഡൽ ഓഫീസറുമായ കെ. പി വേലായുധൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.