മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സെന്റര്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു.
മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സെന്റര്‍, കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശിച്ചു. മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സെന്ററിനെ രാജ്യത്തെ തന്നെ ഏറ്റവും നല്ല ഹൈആള്‍ട്ടിറ്റിയൂഡ് സെന്ററാക്കി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന് പറഞ്ഞു.
സെന്ററിന്റെ ഭാഗമായ കെട്ടിടവും അനുബന്ധസൗകര്യങ്ങളും മൈതാനവും മറ്റും നേരില്‍ കണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സെന്ററുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ മുമ്പെ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സെന്ററുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സെന്ററിനെ നല്ലനിലയില്‍ കൊണ്ടുപോകണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കായിക മന്ത്രിക്കൊപ്പം സെന്റര്‍ സന്ദര്‍ശിച്ച ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.അതിനായി തുടര്‍നടപടികള്‍ വേഗത്തിലാക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുമെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി.
രാവിലെ സെന്ററിലെത്തിയ മന്ത്രിമാര്‍ സെന്ററിന്റെ ഭാഗമായ മൈതാനമാകെ നടന്നു കാണുകയും മൈതാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തുകയും ചെയ്തു.തുടര്‍ന്ന് നവീകരിച്ച കെട്ടിടം സന്ദര്‍ശിച്ചു.സെന്ററില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും സെന്ററുമായി ബന്ധപ്പെട്ട പോരായ്മകളും അപര്യാപ്തതകളുമൊക്കെ ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു.കെട്ടിടത്തില്‍ ക്രമീകരിച്ചിട്ടുള്ള ഹോസ്റ്റല്‍ മുറികളുടെ സൗകര്യവും മന്ത്രിമാര്‍ പരിശോധിച്ചു. അഡ്വ. എ രാജ എം എല്‍ എ, ഉദ്യോഗസ്ഥര്‍, തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
നവീകരിച്ച കെട്ടിടത്തിന്റെ എറ്റവും മുകള്‍നിലയില്‍ ഓഡിറ്റോറിയവും രണ്ടാംനിലയില്‍ ഹോസ്റ്റല്‍ മുറികളുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഏറ്റവും താഴത്തെ നിലയില്‍ പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്താനാകും വിധം ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ജിമ്മിനായും സ്ഥലമൊരുക്കിയിട്ടുണ്ട്. സെന്ററിന്റെ നിലവിലെ അവസ്ഥയും അപര്യാപ്തതകളും വിലയിരുത്തിയശേഷം മന്ത്രിമാരുടെ സംഘം മടങ്ങി.