ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികൾക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹത നേടണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അഭ്യർത്ഥിച്ചു.
ജില്ലയിൽ പത്ത് ലക്ഷത്തോളം അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനകം 2,60,000 തൊഴിലാളികൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 ഡിസംബർ 31 നകം രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്. ജില്ലയിലെ
അക്ഷയ-സി എസ് സി കേന്ദ്രങ്ങളിലൂടെയും വിവിധ വകുപ്പുകളും ക്ഷേമനിധി ബോർഡുകളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെയും സൗജന്യമായി രജിസ്റ്റർ ചെയ്യാം.
ആധാർ, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ തുടങ്ങിയ രേഖകൾ കരുതണം.
ചെറുകിട വ്യാപാരികൾ, ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികൾ, കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻവാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.
അസംഘടിത തൊഴിലാളികൾക്ക് 12 അക്ക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) കാർഡ് ലഭിക്കും. അസംഘടിത മേഖലയ്ക്ക് സർക്കാർ ക്ഷേമപദ്ധതികൾക്ക് ഈ നമ്പറായിരിക്കും ആധാരം.
പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ 2 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഇതിന്റെ ആദ്യ പ്രീമിയം സർക്കാർ അടയ്ക്കും.
ഇ പി എഫ്, ഇ എസ് ഐ പദ്ധതികളിൽ അംഗമല്ലാത്ത, ആദായ നികുതി അടയ്ക്കാത്ത ഏതൊരാൾക്കും പദ്ധതിയിൽ ചേരാം.
സംശയങ്ങൾക്ക് 14434 എന്ന ടോൾഫ്രീ നമ്പറിലോ തൊഴിൽ വകുപ്പ് ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.