ബാലാവകാശ സംരക്ഷണം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല ജവഹര്‍ ബാലഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, ബാല സംരക്ഷണ സമിതി അംഗങ്ങള്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയും സമിതികളുടെ സമഗ്രമായ ശാക്തീകരണത്തിലൂടെയും ബാലസൗഹൃദ ജില്ല എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കണം-അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അനില്‍. എസ്. കല്ലേലിഭാഗം അധ്യക്ഷനായി. ബാലസൗഹൃദ കേരളം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ല-ബ്ലോക്ക്പഞ്ചായത്ത്-വാര്‍ഡ് തലത്തില്‍ ബാല സംരക്ഷണ സമിതികള്‍ ശാക്തീകരിക്കുന്നതിനായി ശില്പശാല നടത്തുന്നത്. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും ലഹരി ഉപയോഗത്തില്‍ നിന്നും കുട്ടികളുടെ മോചനം, വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയ അവബോധം വളര്‍ത്തുക, ബാലവേല, ശൈശവവിവാഹം, ഭിക്ഷാടനം, കുട്ടികളുടെ ആത്മഹത്യകള്‍ ഇല്ലാതാക്കുക എന്നീ തുടര്‍ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും.
ശില്‍പ്പശാലയില്‍ ബാലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി, വനിതാ ശിശു വികസന ഓഫീസര്‍ പി. ബിജി, ലീഗല്‍ എഡ്യൂക്കേറ്റര്‍ അഡ്വ. നിസ ഫാസി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന തുടങ്ങിയവര്‍ ക്ലാസ്സുകള്‍     എടുത്തു.
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം റെനി ആന്റണി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സനില്‍ വെള്ളിമണ്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി. ബിജി, പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ശിശു സംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഗോപിനാഥന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.