സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഷെല്‍ട്ടര്‍ റസിഡല്‍ഷ്യല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കായി ‘അതിജീവനം’ മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കോവിഡാനന്തര കാലഘട്ടത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ യുനിസെഫിന്റെ സഹകരണത്തോടെയാണ് അതിജീവനം പരിശീലനം നടത്തുന്നത്. ഹോസ്റ്റലിലെ 37 കുട്ടികള്‍ പങ്കെടുത്ത പരിപാടി നിലമ്പൂര്‍ ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിആര്‍സി ട്രെയിനര്‍ എം.പി ഷീജ പരിശീലനം നല്‍കി.
കുട്ടികളുടെ മാനസിക സമ്മര്‍ദങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും, ഡിജിറ്റല്‍ ആശ്രയത്വം, മാറുന്ന ശീലങ്ങള്‍ എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. മാനസിക സംഘര്‍ഷങ്ങള്‍ കുറക്കുന്നതിനുള്ള ലഘു വ്യായാമങ്ങളും വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു. ഷെല്‍ട്ടര്‍ ഹോസ്റ്റലിലെ കുട്ടികളുടെ കലാപരിപാടികളും ഗോത്രഭാഷകളിലുള്ള തനത് കലാരൂപങ്ങളുടെ അവതരണവും നടന്നു. ബിആര്‍സി ട്രെയിനര്‍ എ. ജയന്‍, വാര്‍ഡന്‍ പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.