സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് സംസ്ഥാന പെന്‍ഷന്‍കാരുടെ വിവരശേഖരണത്തിനുള്ള രീതിയോ സമയക്രമമോ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ധനവകുപ്പ് അറിയിച്ചു.
നിലവില്‍ സര്‍വകലാശാലകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരശേഖരണമാണ് നടന്നുവരുന്നത്. കൂടാതെ, ധനവകുപ്പിന്റെ 62/2018 നമ്പര്‍ ഉത്തരവുപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരശേഖരണവും നടന്നുവരുന്നു.
പെന്‍ഷന്‍കാരുടെ വിവരശേഖരണത്തിനുള്ള രീതിയോ സമയക്രമമോ നിശ്ചയിച്ചാല്‍ ആ വിവരം മാധ്യമങ്ങളിലൂടെ അറിയിക്കും. വിവരശേഖരണം സംബന്ധിച്ച സംശയനിവാരിണി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.medisep.kerala.gov.in ല്‍ ലഭ്യമാണ്.