എറണാകുളം ജില്ലയിലെ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണു മുന്നോട്ടു പോകുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ റിസോഴ്സ് പേഴ്‌സണ്‍ ടി.ഡി സജീവ് ലാല്‍ പറഞ്ഞു. ജില്ലയിലെ 43 പഞ്ചായത്തുകളും 9 നഗരസഭകളും സമഗ്ര ശുചിത്വ പദവി നേടിക്കഴിഞ്ഞു. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍കൂടി ഈ പദവിയിലേക്ക് എത്താനുള്ള ശ്രമം തുടരുകയാണ്. ഉപയോഗശൂന്യമായ എല്ലാം മാലിന്യമാണെന്ന മനോഭാവം മാറി, അത് അവശിഷ്ടമാണെന്നും അവയെ പലവിധത്തില്‍ പ്രയോജനപ്പെടുത്താമെന്ന തലത്തിലേക്ക് നമ്മള്‍ എത്തണമെന്നും എല്ലാ മാലിന്യങ്ങളെയും ഒരുമിച്ചു നിക്ഷേപിക്കുന്ന രീതി വീടുകളില്‍ നിന്നുതന്നെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ടൗണ്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ ദിനാഘോഷം ജില്ലാതലപരിപാടിയുടെ ഭാഗമായി നടന്ന നവകേരളം പദ്ധതി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷന്റെ ജില്ലാതല പ്രവര്‍ത്തങ്ങളെ കൃത്യമായി വരച്ചുകാട്ടും വിധമായിരുന്നു സെമിനാര്‍. ജലസ്രോതസുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്ര പ്രവര്‍ത്തനമാണ് ജില്ലയില്‍ പോരോഗമിക്കുന്നത്. കിലോമീറ്ററുകളോളം ജലസ്രോതസുകള്‍ വൃത്തിയാക്കി. ഒപ്പം മുന്നൂറിലേറെ കുളങ്ങള്‍ ശുചീകരിക്കുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നുണ്ട്. കിണര്‍ വെള്ളം റീചാര്‍ജ് ചെയ്യുന്ന പ്രവര്‍ത്തനം 60 ശതമാനം പൂര്‍ത്തീകരിച്ചു. കുടിവെള്ളത്തിന്റെ നിലവാരം അളക്കുന്നതിനുള്ള നിരവധി ജലനിലവാര ലാബുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും ഒരു ജലനിലവാര ലാബ് എന്നതാണു ലക്ഷ്യം.
കാര്‍ഷിമേഖലയുമായി ബന്ധപ്പെട്ടും സജീവമായ പ്രവര്‍ത്തനമാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്നത്. തരിശുരഹിത തദ്ദേശ സ്ഥാപനങ്ങള്‍ എന്ന ലക്ഷ്യമാണു മുന്നിലുള്ളത്. ഈ ലക്ഷ്യത്തിന്റെ ഭാഗമായി ഇതിനകം രണ്ടു ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ആരംഭിച്ചു. ഇത്തരത്തില്‍ വിവിധതരം പദ്ധതികള്‍ക്കാണ് ജില്ലയില്‍ ഹരിതകേരളം മിഷന്‍ നേതൃത്വം നല്‍കുന്നതെന്നും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു.