ജപ്തി നടപടികൾ ഒഴിവാക്കാനായി സഹകരണ ബാങ്കുകൾ വൺ ടൈം സെറ്റിൽമെന്റ് ഏർപ്പെടുത്തിയതായി സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഇതിൽ നടപടി സ്വീകരിക്കാൻ ബാങ്കുകളുടെ ബോർഡുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്.

ചില കേസുകളിൽ പിഴപ്പലിശ പൂർണമായി ഒഴിവാക്കി നൽകിയിട്ടുണ്ട്. ബോർഡിന്റെ തീരുമാനം അനുസരിച്ച് പലിശയുടെ ഒരു ഭാഗം ഒഴിവാക്കി നൽകുന്നുണ്ട്. ഈ നടപടി മാർച്ച് 31 വരെ നടക്കും. ജപ്തി നടത്താതെ, ആളെ വിളിച്ചുവരുത്തി അദാലത്ത് സംഘടിപ്പിച്ചാണ് തീരുമാനം എടുക്കുന്നത്. ഘട്ടം ഘട്ടമായി തുക അടയ്ക്കാൻ അവസരം നൽകും.

മത്‌സ്യത്തൊഴിലാളി വിഭാഗങ്ങൾക്കുള്ള സമാശ്വാസ പദ്ധതിയായി സ്‌നേഹതീരം എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.