സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് സംരംഭകര്‍ക്ക് വേണ്ട എല്ലാ സഹായവും ഉദ്യോഗസ്ഥര്‍ ചെയ്ത് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ജില്ലയെ കൂടുതല്‍ നിക്ഷേപസൗഹൃദമാക്കാന്‍ എല്ലാവരും പരിശ്രമിക്കണം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2022 സംരംഭക വര്‍ഷമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഒരു ലക്ഷം സംരംഭങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സൃഷ്ടിക്കുന്നതിനുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇത്തരം സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ശില്പശാല സംഘടിപ്പിച്ചത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്, കെ സ്വിഫ്റ്റ് എന്നീ വിഷയങ്ങളില്‍ കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളക്കാരന്‍, കെ.പി.എം.ജി മാനേജര്‍ ഇജാസ് ആലം ഖാന്‍ എന്നിവര്‍ വിഷയാവതണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.കെ ജോയ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.സംഗീത സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ചു മാണി കൃതജ്ഞതയും അര്‍പ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും ശില്പശാലയില്‍ പങ്കെടുത്തു.