അരുവിക്കര നിയോജക മണ്ഡലത്തിന്റെ വികസനം സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ‘കില’യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ മുന്‍ഗണന നിശ്ചയിക്കാനും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തേണ്ട വിഷയങ്ങളും സംയോജിത പദ്ധതികളും ചര്‍ച്ച ചെയ്യാനുമാണ് ശില്‍പശാല സംഘടിപ്പിച്ചത്.  ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമായ ‘കില’യുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അതിനാല്‍ മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കാനും അത് മികച്ച രീതിയില്‍ നടപ്പിലാക്കാനും സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

കില ഡയറക്ടര്‍ ജനറല്‍ ഡോ: ജോയി ഇളമണ്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സി..ഇ.ഒ മദന്‍ മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഇന്ദുലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വിജുമോഹന്‍, ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെ ലളിത, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.