കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇഞ്ചി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധാര്‍ജുനന്‍ ജി. നിര്‍വഹിച്ചു.  കൃഷിയിടങ്ങള്‍ക്ക് പുറമേ വീടുകളുടെ പരിസരങ്ങളിലും ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ ഗുണഭോക്താവിനും അഞ്ച് കിലോ ഇഞ്ചി വിത്തുകള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.  ചെറുകിട കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതും വനിതകള്‍ക്ക് സ്വയം തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. വിതരണം ചെയ്യുന്ന വിത്തുകളുടെ പരിപാലനം യഥാസമയം കൃഷിഭവനുകള്‍ വഴി വിലയിരുത്തും. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡേവിള്‍സ്് മേരി, കൃഷി ഓഫീസര്‍ ചന്ദ്രലേഖ.സി.എസ് എന്നിവര്‍ പങ്കെടുത്തു.