ജപ്പാനിലെ ഒസാക്ക സർവകലാശാലയും കേരളത്തിലെ വിവിധ സർവകലാശാലകളും തമ്മിൽ സഹകരണത്തിനുള്ള തുടർ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും ജപ്പാൻ കോൺസൽ ജനറൽ താഗാ മസായുക്കിയുമായുള്ള ചർച്ചയിൽ ധാരണയായി. 2019 നവംബറിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജപ്പാൻ സന്ദർശിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി യോഗത്തിൽ സൂചിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസം, ടൂറിസം, ആയുർവേദ മേഖലകളിൽ ശക്തമായ സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണം, മത്സ്യ സംസ്‌കരണം, കാർഷിക വ്യവസായങ്ങൾ എന്നീ മേഖലകളിൽ ജപ്പാന്റെ സഹകരണം സ്വാഗതം ചെയ്യുന്നു. ഒട്ടേറെ മലയാളി നഴ്‌സുമാർ ജപ്പാനിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവർക്ക് ജാപ്പനീസ് ഭാഷയിലുള്ള പരിശീലനം ഗുണം ചെയ്യും. ഭാവിയിലും ജപ്പാനുമായി നല്ല ബന്ധമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.