കുമളി മംഗളാദേവി ചിത്ര പൗര്‍ണ്ണമി ഉത്സവത്തില്‍ ആദ്യന്തം ജില്ലാ ഭരണകൂടം കര്‍മ്മനിരതരായി പ്രവര്‍ത്തിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശങ്ങള്‍ നല്‍കി ഉത്സവത്തിന്റെ നേതൃത്വവും നിയന്ത്രണങ്ങളും മികച്ച രീതിയില്‍ സമന്വയിപ്പിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള എഡിഎം ഷൈജു പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തിലെത്തി ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്തര്‍ എത്തി ചേരുന്നതിന് മുന്‍പായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തില്‍ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. കൂടാതെ ക്ഷേത്ര പൂജകളുടെ ഒരുക്കങ്ങളുടെയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും വിലയിരുത്തി. വാഴൂര്‍ സോമന്‍ എം എല്‍ എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു.
115 ഓളം ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടങ്ങുന്ന റവന്യു സംഘത്തെയാണ് ചിത്ര പൗര്‍ണ്ണമി ഉത്സവത്തിനായി നിയോഗിച്ചിരുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റുമാരായി രണ്ട് ഡെപ്യുട്ടി കളക്ടര്‍മാര്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരായി ആറ് തഹസില്‍ദാര്‍മാര്‍, കളക്ട്രേറ്റ്, ഇടുക്കി ആര്‍ഡിഒ ഓഫീസ്, പീരുമേട് താലൂക്ക് ഓഫീസ്, കുമളി വില്ലേജ് ഓഫിസുകളിലെ ജീവനക്കാരെയാണ് നിയോഗിച്ചത്.
5 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലുള്ള 435 പേരടങ്ങുന്ന ടീമിനെയാണ് പോലീസ് സേനയില്‍ നിന്നും നിയോഗിച്ചത്. ഇതില്‍ പ്രത്യേക പരിശീലനം ലഭിച്ച ക്വിക്ക് റെസ്‌പോണ്‍സ് ടീം അംഗങ്ങളെയും ക്ഷേത്ര പരിസരത്ത് നിയോഗിച്ചിരുന്നു.

മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെ കുമളി പിഎച്ച്‌സി യിലെ 21 അംഗ മെഡിക്കല്‍ ടീമാണ് ക്ഷേത്ര പരിസരത്ത് സേവനം നല്‍കിയത്. ഐസിയു ആംബുലന്‍സ് ഉള്‍പ്പെടെ 4 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. ബിപി, ഇസിജി, ഓക്‌സിജന്‍ ലെവല്‍ തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യവും ഓര്‍ത്തോ, സര്‍ജന്‍, ഫിസിഷ്യന്‍ എന്നീ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ കുമളി ബസ് സ്റ്റാന്‍ഡിലെ ഒന്നാം ഗേറ്റ്, കൊക്കരക്കണ്ടം, കരടിക്കവല, ഒന്നാം പാലം, രണ്ടാം വളവ്, യൂക്കാലി വളവ്, ബ്രാണ്ടി പാറ, മംഗളാദേവി അമ്പലം, മംഗളാദേവി ലോവര്‍, തുടങ്ങി 13 പോയിന്റുകളില്‍ 200 ഓളം ജീവനക്കാരെ നിയോഗിച്ചിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ബാബു, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ സുഹൈബ് പിജെ, ഇടുക്കി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍, പമ്പ റേഞ്ച് ഓഫീസര്‍ അജയഘോഷ് , തേക്കടി റേഞ്ച് ഓഫീസര്‍ അഖില്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫയര്‍ &റെസ്‌ക്യു ഇടുക്കി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെവി ജോയിയുടെ നേതൃത്വത്തില്‍ 13 ഉദ്യോഗസ്ഥര്‍ 2 സ്ഥലങ്ങളിലായി സേവനം ലഭ്യമാക്കി. ഇവിടെ മൂന്നു വാഹനങ്ങളും, പ്രത്യേക പരിശീലനം ലഭിച്ചവരെയും നിയോഗിച്ചിരുന്നു. ഇതിന് പുറമേ എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, പബ്‌ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളും സജീവമായുണ്ടായിരുന്നു.