ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികള്‍ ശ്രദ്ധേയമായി. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍, ഗപ്പിമത്സ്യവിതരണം, ബ്രോഷര്‍ പ്രകാശനം, അതിഥിതൊഴിലാളി മെഡിക്കല്‍ ക്യാമ്പ്, മലമ്പനി നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ, കവുങ്ങിന്‍ തോട്ടങ്ങളില്‍ പരിശോധന, കര്‍ഷക കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചു.
മലമ്പനിമൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിന് ന്യൂതന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് ഈ വര്‍ഷത്തെ സന്ദേശം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടെ കേരളത്തില്‍ നിന്നും തദ്ദേശിയ മലമ്പനി, മലമ്പനി മൂലമുള്ള മരണം എന്നിവ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം പി നസീമ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സി തയ്യാറാക്കിയ ബ്രോഷര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫിന് നല്‍കി പ്രകാശനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ.ദിവാകരറൈ മലമ്പനി ദിനാചരണ സന്ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സി ബാലചന്ദ്രന്‍ സി.സി പ്രതിജ്ഞ ചൊല്ലികൊടുത്തു. പഞ്ചായത്ത് മെമ്പര്‍ കെ അബ്ദുള്‍ റിയാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗന്നിമോള്‍ എന്നിവര്‍ സംസാരിച്ചു.