കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയ സാഹചര്യത്താലും മറ്റ് കാരണങ്ങളാലും യഥാസമയം അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതിന് ഹാജരാക്കാന്‍ സാധിക്കാത്തവരുടെ അളവ് തൂക്ക ഉപകരണങ്ങള്‍ പിഴ ലഘൂകരിച്ച് മുദ്ര ചെയ്തു നല്‍കുന്നതിന് തുടക്കമായി. അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ 25ന് കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് കൃഷ്ണന്‍ കളരിക്കല്‍ നിര്‍വ്വഹിച്ചു. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ശ്രീനിവാസ അധ്യക്ഷത വഹിച്ചു. ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് എസ് അഭിലാഷ് സംസാരിച്ചു. അദാലത്തിന്റെ ഭാഗമായി പുനഃപരിശോധനയ്ക്ക് അപേക്ഷ നല്‍കിയവര്‍ കാസര്‍കോട് സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന അളവ് തൂക്ക ഉപകരണങ്ങള്‍ ഏപ്രില്‍ 26നും, കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന അളവ് തൂക്ക ഉപകരണങ്ങള്‍ ഏപ്രില്‍ 27, 28 എന്നീ തീയ്യതികളിലും, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് എന്നീ ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന അളവ് തൂക്ക ഉപകരണങ്ങള്‍ ഏപ്രില്‍ 28നും അതാത് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ പുനഃപരിശോധനയ്ക്ക് ഹാജരാക്കണം. അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി കെ കൃഷ്ണകുമാര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ കെ ശശികല നന്ദിയും പറഞ്ഞു.