കല്‍പ്പറ്റ: ജില്ലയിലെ 128 ദുരിതാശ്വാസ ക്യാമ്പുകളില്‍ 3808 കുടുംബങ്ങളില്‍ നിന്നായി 14,128 പേര്‍ കഴിയുന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍ അറിയിച്ചു. മാനന്തവാടി താലൂക്കില്‍ 58, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒന്‍പത്, വൈത്തിരി താലൂക്കില്‍ 61 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. പതിനാലു ക്യാമ്പുകള്‍ വെള്ളിയാഴ്ച മാത്രം പുതുതായി തുടങ്ങേണ്ടി വന്നിരുന്നു. മഴയ്ക്കു ശക്തി കുറഞ്ഞെങ്കിലും ജില്ല സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി തുടങ്ങുന്നതെയുള്ളു. മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
