ഗോത്ര നാടിന്റെ ഈണവും താളവുമായി പ്രതീക്ഷകളുടെ ആകാശം തൊട്ട് ലക്കിടിക്കുന്നില്‍ എന്‍ ഊര് മിഴി തുറന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് നാടിന് സമര്‍പ്പിച്ചു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടാം ഘട്ടത്തന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിപുലമായ പങ്കാളിത്തതോടെയും മുന്നൊരുക്കത്തോടെയുമാണ് എന്‍ ഊരിനെ വയനാടിനായി അണിയിച്ചെരുക്കിയത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഭൂപടത്തില്‍ ആദ്യം തന്നെ ഉള്‍പ്പെടുത്തിയ വിനോദ സഞ്ചാരകേന്ദ്രമെന്ന ഖ്യാതിയും എന്‍ ഊരിന് സ്വന്തമാവുകയാണ്.

ഇറതാണ വീടുകളും വളഞ്ഞും പുളഞ്ഞുമുള്ള ഇടവഴികളുമായി ഏവരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ഗോത്ര പൈതൃക ഗ്രാമത്തിന്റെ നിര്‍മ്മിതി. ഗോത്ര തനത് ജീവിത പെരുമകളെ സമഗ്രമായി തൊട്ടറിയാന്‍ കഴിയുന്ന വിധത്തില്‍ ഈ പൈതൃക ഗ്രാമത്തിനെ വിഭാവനം ചെയ്തത്. വയനാടിന്റെ വിനോദ സഞ്ചാര മേഖലയിലെ പ്രതീക്ഷകൂടിയാണ് എന്‍ ഊര് പൈതൃക ഗ്രാമം. തനത് ഉത്പന്നങ്ങളുടെ വിപണി, ഗോത്ര വയനാടിന്റെ ചിരകാലം എന്നിവയെല്ലാം അടയാളപ്പെടുത്തുന്ന എന്‍ ഊര് ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണവും ഉപജീവനവുമാണ്.

വൈവിധ്യങ്ങളുടെ കലവറ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നാട്ടില്‍ ഒരു കുടക്കീഴില്‍ ഗോത്ര പൈതൃകത്തെ അടുത്തറിയാം. വൈവിധ്യങ്ങളുടെ സ്റ്റാളുകളാണ് എന്‍ ഊരില്‍ സജ്ജീരിച്ചിരിക്കുന്നത്. കല്ലുപാകിയ ഇടവഴികളിലൂടെ നടന്ന് ഓരോ സ്റ്റാളുകളെയും അടുത്തറിയാം. തൊട്ടില്‍, കുട്ട, ചുണ്ണാമ്പ് പാനി, മണിക്കോല്‍, ചീല , അരിചൂല്‍, അലച്ച, തെരിക തുടങ്ങി ഒരു കാലത്ത് ഗോത്ര സമുദായങ്ങളുടെയും കാര്‍ഷിക വയനാടിന്റെയും ഭാഗമായിരുന്നു ഉപകരണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് എന്‍ ഊരില്‍. കാര്‍ഷിക സംസ്‌കൃതിയെ അടയാളപ്പെടുത്തുന്ന കാര്‍ഷിക തനത് ഉപകരണങ്ങളുടെ പ്രദര്‍ശനം വരും കാലത്ത് കാഴ്ചക്കാരില്‍ പുത്തന്‍ അനുഭവമായിരിക്കും.

ചെറിയ കൊമ്മ, ചെറിയ മക്കിരി, കലപ്പ, പാളതൊപ്പി, വറഞ്ച്, കൊമ്പ, വിയാണ തുടങ്ങിയവയെല്ലാം പ്രധാന ആകര്‍ഷണമാണ്. അമ്പും വില്ല്, മീന്‍ കൂട, ചാട, ഉറ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. വംശീയ ഭക്ഷ്യപ്പെരുമയും ഇവിടെയുണ്ട്. കുടുംബശ്രീ ഗോത്ര ഭക്ഷ്യമേളയുടെ സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മരത്തിലും മുളയിലും നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, മ്യൂറല്‍ പെയിന്റിങ്ങുകള്‍, ഗോത്ര വരകള്‍, വംശീയ വൈദ്യം, ഒ#ൗഷധ ചെടികളുടെ ശേഖരം, വനവിഭവങ്ങളുടെ ശേഖരം എന്നിവയെല്ലാം ഇവിടെയുണ്ട്.

ഇറതാണ പുല്‍ക്കുടിലുകള്‍ ഒരു കാലത്ത് ഗോത്ര വയനാടിന്റെ മുഖമുദ്രയായിരുന്ന പുല്‍വീടുകളും ഇവിടെ ഏവരുടെയും മനം കവരും. ആകാരത്തിലും കുലീനതയിലുമെല്ലാം കാലത്തെ തോല്‍പ്പിച്ച ഈ മണ്‍കുടിലുകള്‍ പുതിയ തലമുറകളിലുള്ളവര്‍ക്ക് കൗതുകം നിറഞ്ഞതാണ്. തണുപ്പ് നിറഞ്ഞ അകത്തളങ്ങള്‍ നീളന്‍ വരാന്തകള്‍ ഇടുങ്ങിയ മുറികള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ മനോഹര കാഴ്ചകളില്‍ ഒന്നാണ്. മണ്ണ് മെഴുകിയ അരയ്‌ക്കൊപ്പം മാത്രം ഉയരമുള്ള തിണ്ടുകള്‍ക്കിടയിലൂടെ വേണം ഇവിടെയുള്ള ഒമ്പതോളം പുല്‍വീടുകളെ വലം വെച്ചിറങ്ങാന്‍. സൗകര്യപൂര്‍വ്വം ഈ ഇറയത്ത് പ്രകൃതിയെ തൊട്ടറിഞ്ഞ് വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്.