അതിക്രമ സാഹചര്യങ്ങളിൽ വനിതകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നൽകുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ‘ധീര’. 10 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് പരിശീലനം. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ചു ബോധവത്ക്കരണം നൽകുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് മൂന്നു വീതം തദ്ദേശ സ്ഥാപനങ്ങളെ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒരു തദ്ദേശസ്ഥാപനത്തിൽ നിന്ന് 30 പെൺകുട്ടികൾ എന്ന നിലയിൽ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത 90 പെൺകുട്ടികൾക്കാണ് സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ ആർജ്ജിക്കാനുള്ള 10 മാസത്തെ പരിശീലനം നൽകുന്നത്. കരാട്ടെ, കളരിപ്പയറ്റ്, തയ്ക്കൊണ്ടോ തുടങ്ങിയവയിലാണ് പരിശീലനം.
അതത് തദ്ദേശ സ്ഥാപനങ്ങളിലെ കൗമാര ക്ലബ്ബുകൾ വഴി പ്രാഥമിക അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിൽനിന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളെ നഷ്ടമായവർ, അതിക്രമങ്ങൾക്ക് ഇരയായവർ, അരക്ഷിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന.
ആഴ്ചയിൽ രണ്ടു ദിവസം രണ്ടു മണിക്കൂർ വീതമാണ് പരിശീലനം. അതത് തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് പരിശീലനം നൽകുക. പരിശീലനത്തിനായി ആകെ 68 ലക്ഷം രൂപ സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ജില്ലാതലത്തിലോ പ്രാദേശിക തലത്തിലോ ആയോധനകലകൾ അഭ്യസിപ്പിക്കുന്ന പരിശീലകർ, സംഘടനകൾ, പോലീസ് വകുപ്പിൽ പരിശീലനം ലഭിച്ചവർ തുടങ്ങിയവരിൽ നിന്നാണ് ധീരയിലേക്ക് പരിശീലകരെ കണ്ടെത്തുന്നത്.