ജില്ലാ ജയിലിലെ കുടിവെള്ള ക്ഷാമവും ജീവനക്കാരുടെ കുറവും പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ ജയിലിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലങ്കര അണക്കെട്ടിനോട് ചേർന്ന് മാത്തപ്പാറയിലെ പമ്പ് ഹൗസിൽ നിന്നാണ് ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ അണക്കെട്ടിൽ ജല നിരപ്പ് കുറയ്ക്കുന്ന സാഹചര്യത്തിൽ ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നതിൽ തടസം നേരിടുന്ന കാര്യം ജയിൽ അധികൃതർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ പ്പോഴാണ് പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നകാര്യം മന്ത്രി പറഞ്ഞത്.

ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജയിലിലേക്ക് കുടിവെള്ളം എത്തിക്കുന്നതെന്നും മന്ത്രി ജയിൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലാ ലൈബ്രറി കൗൺസിലിൽ നിന്നുള്ള 50,500 രൂപയുടെ ഗ്രാന്റ് ഉയോഗിച്ചാണ് ജയിലിലെ ലൈബ്രറി നവീകരിച്ചത്. ഇതേ തുടർന്ന് 25000 രൂപയുടെ പുസ്തകങ്ങൾ,15000 രൂപയുടെ ഫർണിച്ചർ, 4500 രൂപയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലൈബ്രറിയിൽ പുതിയതായി സജ്ജമാക്കി. ജയിൽ മദ്ധ്യമേഖല ഡി.ഐ.ജി പി. അജയകുമാർ, ജയിൽ സൂപ്രണ്ട് സമീർ.എ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ, ജില്ലാ ജയിൽ വെൽഫയർ ഓഫീസർ ഷിജോ തോമസ് എന്നിവർ സംസാരിച്ചു.