അക്ഷയ ഊർജ പാർക്കിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
വൈദ്യുതി ഉപയോഗം കൂടി വരികയും ജലവൈദ്യുതിയുടെ സാധ്യത കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം സൗരോർജ കേന്ദ്രീകൃതമാകണമെന്ന് എം. എം. മണി എംഎൽഎ.
സൗരോർജ്ജവും, കാറ്റിൽ നിന്നുള്ള ഊർജവും പ്രയോജനപ്പെടുത്തി ബാറ്ററി സംഭരണ സംവിധാനത്തോടുകൂടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് രാമക്കൽമേട്ടിൽ അനർട്ട് സ്ഥാപിക്കുന്ന അക്ഷയ ഊർജ പാർക്കിന്റെ ആദ്യ ഘട്ട ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു.
മാറി വരുന്ന കാലാവസ്ഥ വ്യതിയാനം മൂലം നിലവിലുള്ള ഊർജ സ്രോതസ് നമുക്ക് അപര്യാപ്തമാണെന്നും അതിനാൽ ഇതുപോലുള്ള ബദൽ സംവിധാനങ്ങൾ കൂടുതൽ സ്വീകാര്യമാകണമെന്നും കൂടുതൽ കാര്യക്ഷമായി അവ ഉപയോഗിക്കാൻ കഴിയട്ടെയെന്നും ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനമായ സി ഡാക്ക്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച ഗ്രിഡ് ഇൻവർട്ടർ ആണ് സൗരോർജ്ജ പവർ പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന ശേഷിയുള്ള ഇൻവെർട്ടർ നിർമ്മാണത്തിന് തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അക്ഷയ ഊർജ്ജ പാർക്കിന്റെ ആദ്യ ഘട്ടമായി നിർമ്മാണം പൂർത്തിയായ ഒരു മെഗാ വാട്ട് ശേഷിയുള്ള ഈ സൗരോർജ്ജ പവർ പ്ലാന്റിൽ നിന്ന് പ്രതിവർഷം ഏകദേശം 13 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
സൗരോർജ്ജ പ്ലാന്റിൽ കെ.എസ്.ഇ.ബി.എൽ വിതരണ ഗ്രിഡിലേയ്ക്ക് സ്ഥിരതയോടെയും, ആവശ്യാനുസരണവും നൽകുന്നതിന് ഭാവിയിൽ സ്ഥപിക്കുവാൻ ലക്ഷ്യമിടുന്ന ബാറ്ററി സംഭരണ സംവിധാനത്തിന് അനുയോജ്യമായ സാങ്കേതികവിദ്യയാണ് ഇൻവർട്ടറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സി-ഡാക്ക്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഗ്രിഡ് ഇൻവർട്ടർ സാങ്കേതികവിദ്യ അക്ഷയ ഊർജ്ജ ഉപകരണ നിർമ്മാണ കമ്പനികൾക്ക് കൈമാറുന്നതിനുള്ള തുടർ നടപടി സ്വീകരിക്കുമെന്നും അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേളൂരി അറിയിച്ചു.
സ്ഥലത്തെ ഭൂപ്രകൃതിയ്ക്ക് അനുസരിച്ചാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യൻ നിർമ്മിതമായ 325 വാട്ട് വീതം ശേഷിയുള്ള 3,042 എണ്ണം സോളാർ പാനലുകൾ ഏകദേശം 4 ഏക്കർ സ്ഥലത്തായി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവർഷം 13 ലക്ഷം യൂണിറ്റ് വൈദ്യുതി ഒരു മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ പവർ പ്ലാന്റിൽ നിന്ന് ലഭിക്കും. പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും പ്ലാന്റിന്റെ പ്രവർത്തനം നേരിൽകണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും. അക്ഷയ ഊർജ്ജ പാർക്കിന്റെ ഒന്നാം ഘട്ടത്തിനായി 12 കോടി രൂപയാണ് അനെർട്ട് ചെലവഴിച്ചത്.
തോവാളപ്പടിയിലെ കെ. ജി സുരേഷ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്ന ബഷീർ, വിജയകുമാരി എസ്. ബാബു, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം വിജിമോൾ വിജയൻ കെ, കരുണാപുരം ഗ്രാമപഞ്ചായത്ത് അംഗം ലത ഗോപകുമാർ, സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികളും, പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.