ഉൾനാടൻ മത്സ്യകൃഷികൊണ്ട് കർഷകരുടെ സമ്പത്തിക ഭരത ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് എം. എം മണി എംഎൽഎ. നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവൻ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കൃഷിയിടങ്ങളിൽ കുളങ്ങൾ നിർമ്മിച്ച് വിഷരഹിതമായ മത്സ്യം ലഭ്യമാക്കാൻ ഓരോ കർഷകനും ശ്രമിക്കണം. കൃഷിയിടങ്ങളിൽ ജലസേചനത്തിനായി നിർമ്മിച്ചിരിക്കുന്ന പടുതാക്കുളം പോലുള്ള ജല സംഭരണികളിലെല്ലാം മത്സ്യകൃഷി ചെയ്യണം. ഇതുവഴി കടലോരവും കായലോരവും മാത്രമല്ല മലയോര മേഖലയിലും ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാൻ സാധിക്കും. വളരെ ചുരുങ്ങിയ ചെലവിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന ഉൾനാടൻ മത്സ്യ കൃഷിക്കായി സർക്കാർ തലത്തിൽ കർഷകർക്കായി നിരവധി പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നത്. അവയെല്ലാം കർഷകർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മത്സ്യഭവൻ കാര്യാലയത്തിന്റെ ശിലാഫലക അനാച്ഛാദന കർമ്മവും എംഎൽഎ നിർവഹിച്ചു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് മദ്ധ്യമേഖല ജോയ്ന്റ് ഡയറക്ടർ സാജു എം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് 2014-ലെ മത്സ്യവിത്ത് നിയമം എന്ന വിഷയത്തിൽ എച്ച്. സലീമും ( ഫിഷറീസ് ജോയിന്റ് ഡയറക്ടർ & മെമ്പർ സെക്രട്ടറി, സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം) ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ എന്ന വിഷയത്തിൽ ഡോ. ജോയ്സ് എബ്രാഹമും സെമിനാറുകൾ അവതരിപ്പിച്ചു.
ഇടുക്കി ജില്ലയിലെ ഉൾനാടൻ മത്സ്യകൃഷി സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിനും ഡാമുകളിലും മറ്റു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കിവരുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമതയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇടുക്കി മത്സ്യഭവൻ, നെടുങ്കണ്ടം മത്സ്യഭവൻ എന്നിങ്ങനെ രണ്ട് മത്സ്യഭവനുകളാണ് ജില്ലയിൽ പ്രവർത്തിച്ചു വരുന്നത്. ഇതിൽ തൊടുപുഴ, ഇടുക്കി താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള ഇടുക്കി മൽസ്യ ഭവൻ നിലവിൽ പ്രവർത്തിച്ച് വരുന്നത് പൈനാവിലെ ജില്ലാ ഫിഷറീസ് സമുച്ചയത്തിൽ നിന്നുമാണ്.
ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യഭവന്റെ പ്രവർത്തനത്തിനായി നെടുങ്കണ്ടം ടൗണിലെ താലൂക്ക് ഓഫീസ് കെട്ടിടം 2020 ഒക്ടോബർ മുതൽ അനുവദിക്കുകയും സർക്കാരിൽ നിന്നു ലഭിച്ച 8.5 ലക്ഷം രൂപ ചെലവഴിച്ച് പ്രസ്തുത കെട്ടിടം പൊതുമരാമത്ത് വകുപ്പ് നവീകരിച്ച് 2022 ഫെബ്രുവരിയിൽ ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്തു. നെടുങ്കണ്ടം മത്സ്യഭവൻ പൂർണ്ണമായി പ്രവർത്തന സജ്ജമായതോടെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭിക്കുന്നു.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, നെടുംകണ്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ, വിജിമോൾ വിജയൻ, മറ്റ് ജനപ്രതിനിധികളും, പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.