ചെറുകോല്‍ പഞ്ചായത്തില്‍ 89.61 കോടി രൂപയുടെ ജല്‍ ജീവന് മിഷന് പദ്ധതി നടപ്പാക്കും. ചെറുകോല്‍ പഞ്ചായത്തിലെ ജല്‍ ജീവന് മിഷന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി അധികൃതരുടെയും യോഗം വിളിച്ചു ചേര്‍ത്തു. 3456 കണക്ഷനുകളാണ് ജല്‍ ജീവന് മിഷനിലൂടെ ചെറുകോല്‍ പഞ്ചായത്തിന് മാത്രം നല്‍കുക.ചെറുകോല്‍ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി വഴി ചെറുകോല്‍, നാരങ്ങാനം പഞ്ചായത്തുകളുടെ എല്ലാ മേഖലകളിലും റാന്നി പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കാനാകും. പമ്പാ നദിയിലെ പുതമണ്‍ കടവില്‍ നിന്നും സംഭരിക്കുന്ന വെള്ളം 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതമണ്ണിലെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് മഞ്ഞപ്രമല, അന്ത്യാളന് കാവ്, തോന്ന്യാമല, കണമുക്ക് ടാങ്കുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 190 കി.മീ വിതരണ പൈപ്പുകള്‍ സ്ഥാപിക്കും. രണ്ടാം വാര്‍ഡിലെ കൊന്നയ്ക്കല്‍ കോളനിയിലെ വ്യാസം കുറഞ്ഞ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കും. ഇനിയും കണക്ഷന് വേണ്ട ഗുണഭോക്താക്കളെ വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ കണ്ടെത്താനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ് യോഗത്തില്‍ അധ്യക്ഷനായി.