മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി സിദ്ധീഖ് നിര്‍വ്വഹിച്ചു. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ അനുവദിച്ച ഐസൊലേഷന്‍ ബ്ലോക്കുകളില്‍ ആദ്യത്തേതിനാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ചത്. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും ഉള്‍പ്പെടുത്തി 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ നല്ലൂര്‍നാട്, സുല്‍ത്താന്‍ ബത്തേരിയില്‍ പുല്‍പ്പള്ളി സി.എച്ച്.സി എന്നിവിടങ്ങളിലാണ് ജില്ലയിലെ മറ്റ് രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുങ്ങുക. നല്ലൂര്‍നാട്, പുല്‍പ്പള്ളി എന്നിവിടങ്ങളിലെ കെട്ടിട ശിലാസ്ഥാപനം ജൂണ്‍ 24 ന് രാവിലെ 10 ന് എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിക്കും.
കോവിഡ് കാലത്ത് എം.എല്‍.എ ഫണ്ടില്‍ നിന്നും നാലു കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് മുഴുവന്‍ എം.എല്‍.എ മാരും സര്‍ക്കാരിലേക്ക് നല്‍കിയിരുന്നു. പ്രസ്തുത ഫണ്ട് അതത് മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കണമെന്ന എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കിഫ്ബി ഫണ്ടും എം.എല്‍.എ ഫണ്ടും തുല്യമായി വകയിരുത്തി ഐസൊലേഷന്‍ ബ്ലോക്ക് യാഥാര്‍ഥ്യമാകുന്നത്. കോവിഡ് മഹാമാരിയുടെ വരവോടെ ഐസൊലേഷന്‍ വാര്‍ഡുകളുടെ ലഭ്യതക്കുറവ് കാരണം സാധരണക്കാരായ തോട്ടം തൊഴിലാളികളും ഗോത്രവിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ ചികിത്സക്ക് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ രീതിയില്‍ ഗുണകരമാകുമെന്ന് ടി. സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.
പ്രീ ഫാബ് മാതൃകയില്‍ എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയ 10 ബെഡുകള്‍ ഉള്‍പ്പെട്ട ഐസൊലേഷന്‍ ബ്ലോക്ക് കെ.എം.എസ്.സി.എല്‍ ആണ് നിര്‍മ്മിക്കുന്നത്. വാര്‍ഡില്‍ 10 കിടക്കകള്‍ക്കു പുറമെ എമര്‍ജന്‍സി റിഹാബിലിറ്റേഷന്‍ മുറി, സെന്‍ട്രല്‍ സെക്ഷന്‍ മെഡിക്കല്‍ ഗ്യാസ് യൂണിറ്റ് എന്നിവ ഉണ്ടാകും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം വരാതെ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് നഴ്‌സിങ് സ്റ്റേഷന്‍ നിര്‍മ്മിക്കുക. രോഗിക്ക് കിടക്കയില്‍ നിന്നു നഴ്‌സിങ് സ്റ്റേഷന്‍ കാണാന്‍ കഴിയും. 50 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള മുറി മരുന്നുകളും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലും രാത്രിയിലും ജോലി ചെയ്യേണ്ട ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ബാത്ത് റൂം സൗകര്യത്തോടെയുള്ള മുറിയും ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തിന്റെ പ്രത്യേകതയാണ്.
മേപ്പാടി സിഎച്ച്‌സിയില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന സുരേഷ് മുഖ്യാതിഥിയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി രാഘവന്‍, അരുണ്‍ദേവ്, ഗ്രാമപഞ്ചായത്ത് അംഗം ജോബിഷ് കുര്യന്‍, നവകേരള കര്‍മ്മപദ്ധതി-2 ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയാ സേനന്‍, മേപ്പാടി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.പി ഷാഹിദ്, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അരുണ്‍കുമാര്‍ സംസാരിച്ചു