പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഈ മാസം ലേബര്‍ റൂമും വാര്‍ഡും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ വികസന കമ്മീഷ്ണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ജില്ലാ വികസന കമ്മീഷ്ണറുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 ബെഡ് പ്രസവ വാര്‍ഡാണ് സജ്ജമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ലേബര്‍ വാര്‍ഡിന്റെ പ്രവൃത്തികള്‍ ചെയ്യുന്നത്. താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് ഇല്ലാതിരുന്നത് ഏറെ പ്രതിസന്ധിയായിരുന്നു.
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെയും ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍ നിരവധി അവലോകന യോഗങ്ങള്‍ നടത്തിവന്നതിന്റെ ഭാഗമായാണ് വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. ആശുപത്രിയുടെ വികസനം പൂര്‍ണ്ണതയില്ലെത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും തോട്ടം മേഖലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശുപത്രിയുടെ വികസനം ഏറെ പ്രയോജനം ചെയ്യുമെന്നും ഡിഡിസി പറഞ്ഞു.
വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. 24 മണിക്കൂറും ലാബ് പ്രവര്‍ത്തനം തുടങ്ങും. തിരഞ്ഞെടുത്ത ദിവസങ്ങളില്‍ യുഎസ്ടി മെഷീന്‍ സേവനം ലഭ്യമാക്കും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹായത്തോടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ബ്ലഡ് സെന്ററുമായി ബന്ധിപ്പിച്ചുകൊണ്ട് താലൂക് ആശുപത്രിയില്‍ ആരംഭിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഓര്‍ത്തോ, സര്‍ജറി ഉള്‍പ്പെടെ ആശുപത്രിയില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റികള്‍ ആരംഭിക്കാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അടുത്ത യോഗത്തില്‍ ഇതില്‍ തീരുമാനമാകും.
മൂന്നാം നിലയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 99 ലക്ഷം രൂപ ഉപയോഗിച്ചുള്ള സിവില്‍ ജോലികളും ഒരു കോടി രൂപ ഉപയോഗിച്ചുള്ള ഇലക്ട്രിക്കല്‍ ജോലികളും പുരോഗമിക്കുകയാണ്. മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി. ലിഫ്റ്റും 40 കിടക്കകളുള്ള വാര്‍ഡും പൂര്‍ത്തിയാകുന്നതോടെ ഐപി വാര്‍ഡ് സൗകര്യം വര്‍ധിക്കും.
എന്‍എച്ച്എമ്മിന്റെ ഒരു കോടി 34 ലക്ഷം രൂപ ചെലവഴിച്ചുള്ള ഒഫ്താല്‍മോളജി യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈ മാസം ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. കണ്ണ് ഓപ്പറേഷന്‍ തിയേറ്ററും വാര്‍ഡുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെയാണ് യൂണിറ്റ് സജ്ജീകരിക്കുന്നത്. എന്‍എച്ച്എമ്മിന്റെ 94 ലക്ഷം രൂപ ചെലവഴിച്ചുള്ള രണ്ടാം നിലയിലെ ഓപ്പറേഷന്‍ തീയേറ്ററുകളുടെ നവീകരണവും ഈ മാസം ആരംഭിക്കും.
ആശുപത്രി വികസനത്തിന് കിഫ്ബിക്ക് കീഴില്‍ സര്‍ക്കാര്‍ അനുവദിച്ച 42 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒപികള്‍, ലാബുകള്‍, ഡയാലിസിസ്, വാര്‍ഡുകള്‍ തുടങ്ങിയവയുള്ള ആധുനിക സൗകര്യങ്ങളോടെ നാല്് നിലകളിലാണ് നിര്‍മ്മാണം നടത്തുന്നത്. ആദ്യം 13 കോടി രൂപയായിരുന്നു അനുവദിച്ചിട്ടുണ്ടായിരുന്നത്. പിന്നീട് എംഎല്‍എയുടെയും ഡിഡിസിയുടെയും അഭ്യര്‍ത്ഥന പ്രകാരം കിഫ്ബി സംഘം വീണ്ടും ആശുപത്രി സന്ദര്‍ശിക്കുകയും സ്ഥലം ഏറ്റെടുത്ത് കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ തീരുമാനിക്കുകയും 42 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്യുകയായിരുന്നു.
അവലോകന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഡിഎംഒ ഡോ ജേക്കബ് വര്‍ഗീസ്, ഡിപിഎം ഡോ. അനൂപ് കെ, ആശുപത്രി സൂപ്രണ്ട് ഡോ. അനന്ദ് മോഹന്‍, ആശുപത്രി ജീവനക്കാര്‍, പിഡബ്ല്യുഡി അധികൃതര്‍, കിഫ്ബി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.