വൈപ്പിൻ: മേഖലയിലെ ഏക സർക്കാർ അംഗീകൃത ചിത്രകല പഠനകേന്ദ്രമായ എടവനക്കാട് ‘ഭൂമി’ യിൽ കെജിസിഇ ഫൈൻ ആർട്ട്സ് ആൻഡ് ആനിമേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സിൽ പ്രവേശനത്തിന് തുടക്കം. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നൂതന കോഴ്‌സിന്റെ പ്രവേശനോദ്ഘാടനം നിർവ്വഹിച്ചു. വാർഷിക ചിത്രകല പ്രദർശനം ഉൾപ്പെടെ ‘ഭൂമി’ ചിത്രകല പഠനകേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വൈപ്പിന്റെ കലാപാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ചിത്രകലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിനോടനുബന്ധിച്ച് ചുമർചിത്ര ആലേഖനവും സഞ്ചരിക്കുന്ന ചിത്ര പ്രദർശനവും സംഘടിപ്പിച്ചത്. ആ ദിശയിലുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ഭൂമി ചിത്രകല പഠനകേന്ദ്രത്തിന് അതിൽ ക്രിയാത്മക പങ്കുവഹിക്കാനാകണമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

നാടിന്റെ സാംസ്‌കാരിക, സാമ്പത്തിക മേൻമ ലക്ഷ്യമിട്ടുള്ള ഭൂമി ചിത്രകല പഠനകേന്ദ്രത്തിന്റെ യത്നങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുമെന്ന് അധ്യക്ഷത വഹിച്ച വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത് വ്യക്തമാക്കി. ഏറെ സാധ്യതകളുള്ള കെജിസിഇ ഫൈൻ ആർട്ട്സ് ആൻഡ് ആനിമേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സ് പഠിപ്പിക്കുന്ന ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളിൽ ഒന്നാണ് ഭൂമിയെന്ന് മാനേജർ വി.കെ ബാബു പറഞ്ഞു. പ്രിൻസിപ്പാൾ ഋതു സന്ധ്യ ഗിരീഷ്, സെക്രട്ടറി അമിത് ബാബു എന്നിവരും പങ്കെടുത്തു