** കർശന ശുചിത്വം പാലിക്കണം
** കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കിയേ ഉപയോഗിക്കാവൂ
** സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ നല്ലതാണോ എന്നു പരിശോധിക്കണം
** ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിക്കാതെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്
** വിഷപ്പാമ്പ് ശല്യം സൂക്ഷിക്കണം
** കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം
** പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം
വെള്ളപ്പൊക്കത്തെത്തുടർന്ന് വീട് ഉപേക്ഷച്ചു സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം
തേടിയവർ തിരികെയെത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ
ഓഫിസർ അറിയിച്ചു.
വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കഴുകി
വൃത്തിയാക്കണം. ബ്ലീച്ചിങ് പൗഡർ കലക്കിയ ലായനി ഉപയോഗിച്ച്
അണുവിമുക്തമാക്കണം. പരിസരം വൃത്തിയാക്കുന്നതിനു കുമ്മായം, നീറ്റുകക്ക
എന്നിവ ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളാൽ മലിനപ്പെടാൻ സാധ്യതയുള്ള
സ്ഥലങ്ങളിലും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നു ജില്ലാ
മെഡിക്കൽ ഓഫിസർ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ മലിനമായ കിണറുകൽ, ടാങ്കുകൾ, കുടിവെള്ള സ്രോതസുകൾ
എന്നിവ അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കാൻ തുടങ്ങാവൂ. വ്യക്തിഗത സുരക്ഷാ
ഉപാധികൾ സ്വീകരിക്കണം. എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണം.
വെള്ളപ്പൊക്കത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വീടുകൾ, അംഗൻവാടികൾ,
സ്കൂളുകൾ, റേഷൻ കടകൾ, മറ്റു ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ
സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ
ഉപയോഗിക്കാവൂ. അടഞ്ഞു കിടക്കുന്ന മുറികളിൽ വായൂ മലിനീകരണം സംഭവിക്കാൻ
സാധ്യതയുള്ളതിനാൽ ഉപയോഗിക്കും മുൻപ് ജനലുകളും വാതിലുകളും തുറന്നിട്ട്
വായൂസഞ്ചാര യോഗ്യമാക്കണം.
ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിച്ച ശേഷമേ വീടുകളിലെ ഇലക്ട്രിക്
ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവൂ. പനിയോ മറ്റു രോഗ ലക്ഷണമോ കണ്ടാൽ ഉടൻ
ഡോക്ടറെ കാണണം. വെള്ളക്കെട്ടുള്ള മേഖലകളിൽ കൊതുകു പെരുകാനുള്ള സാഹചര്യം
ഒഴിവാക്കണം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ വിഷപ്പാമ്പുകളുടെ
സാന്നിധ്യമുണ്ടാകാൻ ഇടയുള്ളതിനാൽ മുൻകരുതലെടുക്കേണ്ടതും കടിയേറ്റാൽ ഉടൻ
വൈദ്യസഹായം തേടേണ്ടതുമാണ്.
ബ്ലീച്ചിങ് പൗഡർ, ക്ലോറിൻ ഗുളികകൾ എന്നിവയുടെ ഉപയോഗക്രമത്തിൽ ആരോഗ്യ
പ്രവർത്തകരുടേയും ആശ പ്രവർത്തകരുടേയും ഉപദേശം സ്വീകരിക്കണം. കൊതുക്,
കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയിൽപ്പെട്ടാൽ പ്രാഥമികാരോഗ്യ
കേന്ദ്രങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരെ അറിയിക്കണം.
പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയ്ക്കു മരുന്ന് ഉപയോഗിക്കുന്നവർ അതു
മുടങ്ങാതെ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ
അഭ്യർഥിച്ചു.