പ്രളയം ദുരിതം വിതച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക്
അവശ്യ സാധനങ്ങളെത്തിക്കാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കു
കൈത്താങ്ങാകാൻ കയ്യും മെയ്യും മറന്നു പുതുതലമുറ. ജില്ലയുടെ വിവിധ
ഭാഗങ്ങളിൽനിന്നു 367 വിദ്യാർഥികളാണു ദുരന്ത മുഖത്തേക്കു ഭക്ഷണവും
വെള്ളവുമെത്തിക്കുന്ന കർമ പദ്ധതിയുടെ ഭാഗമാകാൻ ഒഴുകിയെത്തിയത്. ഭക്ഷണവും
വെള്ളവും മരുന്നുമെല്ലാം ഭദ്രമായി പൊതിഞ്ഞു കെട്ടി അതിവേഗം ലക്ഷ്യ
സ്ഥാനത്തേക്കെത്തിക്കാൻ ജില്ലാ ഭരണകൂടത്തിനൊപ്പം പുതുതലമുറ കാട്ടിയ ആവേശം
അനന്തപുരിയെ അക്ഷരാർഥത്തിൽ പ്രളയക്കെടുതിയിൽ വലയുന്നവരുടെ സഹായ
കേന്ദ്രമാക്കിമാറ്റി.
തമ്പാന്നൂർ എസ്.എം.വി. സ്കൂളിൽ തുറന്ന കളക്ഷൻ സെന്ററിലേക്ക് ഇന്നലെ
രാവിലെ മുതൽ അവശ്യ സാധനങ്ങളുമായി ജനം പ്രവഹിക്കുകയായിരുന്നു. ഇവ പ്രത്യേക
പാക്കറ്റിലാക്കി പത്തനംതിട്ടയിലും എറണാകുളത്തും ആലപ്പുഴയിലുമെത്തിക്കുന്ന
വലിയ ശ്രമത്തിൽ യുവ വൊളന്റിയർമാർ അണിനിരന്നു. ജില്ലാ കളക്ടർ ഡോ. കെ.
വാസുകി നേതൃത്വം നൽകുന്ന വൊളന്റിയർഷിപ് പ്രോഗ്രാമിലും ഇന്റേൺഷിപ്
പ്രോഗ്രാമിലും പങ്കെടുക്കുന്നവരാണ് സന്നദ്ധ പ്രവർത്തകരാകാനെത്തിയവരിൽ
പലരും. കോളജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകളിൽനിന്നുള്ള വിദ്യാർഥികളും
വൊളന്റിയർമാരാകാൻ മുന്നിട്ടിറങ്ങി നാടിനോടുള്ള പ്രതിബദ്ധത കാട്ടി.
കളക്ഷൻ സെന്ററിലേക്ക് എത്തിയ സാധനങ്ങൾ ഇവർ 17 സംഘങ്ങളായി തിരിഞ്ഞ് 17
ഇനങ്ങളാക്കി തരംതിരിച്ചു. ധാന്യങ്ങൾ, ബ്രെഡ്, ബിസ്കറ്റ്, ചോക്കലേറ്റ്,
ബെഡ്, പായ, കമ്പിളി, വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, തോർത്ത്, ടൂത്ത് പേസ്റ്റ്,
ബ്രഷ്, സോപ്പ്, ഡെറ്റോൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, കുട്ടകളുടെ ഭക്ഷണ
സാധനങ്ങൾ എന്നിങ്ങനെ പ്രത്യേകം പാക്കറ്റുകളിലാക്കി. എല്ലാ ഇനം
പാക്കറ്റുകളും ഉൾക്കൊള്ളുന്ന വലിയ ബോക്സാക്കി ഇന വിവര ലേബൽ ഒട്ടിച്ച്
ട്രക്കിലേക്കു കയറ്റി.
എസ്.എം.വി. സ്കൂളിൽ ശേഖരിച്ച സാധനങ്ങൾ മാത്രം മൂന്നു ലോഡ് ഇന്നലെ
പത്തനംതിട്ട ജില്ലയിലേക്ക് അയച്ചു. ഇതടക്കം ജില്ലാ ഭരണകൂടത്തിന്റെ
നേതൃത്വത്തിൽ 13 ലോഡ് അവശ്യ വസ്തുക്കളാണ് പത്തനംതിട്ട, ആലപ്പുഴ,
ചെങ്ങന്നൂർ, എറണാകുളം തുടങ്ങിയിടങ്ങളിലെ ദുരിത ബാധിത മേഖലകളിലേക്ക്
ഇന്നലെ കൊണ്ടുപോയത്. ഇതിനു പുറമേ സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററിൽ
എയർ ഡ്രോപ്പിനും ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നുണ്ട്. മൂവായിരത്തോളം
പേർക്കുള്ള ഭക്ഷണം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ
എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകൾ എത്തുന്ന മുറയ്ക്ക് ഇവ കയറ്റി
വിടുന്നതിന് ഉദ്യോഗസ്ഥ സംഘത്തെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്.
ബുധനാഴ്ച കോട്ടയ്ക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിലെ കളക്ഷൻ സെന്ററിൽ
ശേഖരിച്ച അവശ്യ വസ്തുക്കൾ മൂന്നു ലോറികളിലും സ്കൂൾ ബസുകളിലുമായി രാവിലെ
ദുരിത ബാധിത കേന്ദ്രങ്ങളിലേക്ക് അയച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ
എയർപോർട്ടിനടുത്തുള്ള സെന്റ് ആൻസ് ചർച്ചിന്റെ ഹാൾ, സെന്റ് റോക്കിസ്
സ്കൂൾ എന്നിവിടങ്ങളിലും കളക്ഷൻ സെന്ററുകൾ തുറന്നു. ഇവിടെയും നിരവധി
ആളുകളാണ് അവശ്യവസ്തുക്കൾ നൽകാനായി എത്തിയത്.
എല്ലാ കളക്ഷൻ സെന്ററുകളും ഇന്നും പ്രവർത്തിക്കും. ദുരിതാശ്വാസ
ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങൾ ജില്ലയിലെ താലൂക്ക് ഓഫിസുകളിലും
കളക്ടറേറ്റിലും സ്വീകരിക്കുന്നതിനു സൗകര്യമൊരുക്കിയിട്ടുണ്ട്.