* കൊച്ചിയിൽ സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് തത്വത്തിൽ അനുമതി
ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനർനിര്മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. മറൈൻ ഡ്രൈവും അതിന്റെ പരിസരപ്രദേശങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി പുനഃക്രമീകരിക്കും. തെക്കുഭാഗത്ത് മറൈൻ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകൾക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം.
പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ എസ് പി വി രൂപീകരിക്കും. ഡിപിആർ സമർപ്പിക്കുന്നത് വരെയുള്ള ഏകോപനത്തിന് ജനറൽ ബോഡിയും പദ്ധതി നിർവഹണ കമ്മിറ്റിയും രൂപീകരിക്കും. മേൽനോട്ടത്തിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കും. കിഫ്ബി ജനറൽ കണ്സൾട്ടൻസി വിഭാഗത്തെ പദ്ധതിയുടെ കൺസൾട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.
* നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതൽ
നിയമസഭാ സമ്മേളനം ഓഗസ്റ്റ് 22 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവര്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
* ധനസഹായം
കാസർകോട്ട് ചെറുവത്തൂരിൽ ഷവർമ കഴിച്ചതിനെത്തുടര്ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
ദുരന്ത നിവാരണ പ്രവര്ത്തനങ്ങള്ക്കിടയിൽ പരിക്കേറ്റ പാലക്കാട് ജില്ലയിലെ മണ്ണാര്ക്കാട് അഗ്നിശമന രക്ഷാകേന്ദ്രത്തിലെ സിവിൽ ഡിഫൻസ് വോളന്റിയര്മാരായ സമീര് പി, റിയാസ് പി എന്നിവരുടെ ചികിത്സാചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാന് തീരുമാനിച്ചു.
സമീർ പി. 2 ലക്ഷം, റിയാസ് പി എഴുപതിനായിരം എന്നിങ്ങനെ ചികിത്സയ്ക്ക് ഇതുവരെ ചെലവായ തുക അനുവദിക്കും. തുടർചികിത്സക്ക് തുക ചെലവാകുന്ന മുറക്ക് അനുവദിക്കാനും തീരുമാനിച്ചു.
* പി.എസ്.സി. അംഗം
പബ്ലിക്ക് സർവീസ് കമ്മിഷനിൽ പുതിയ അംഗമായി ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അഡ്വ. സി. ജയചന്ദ്രനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
*സർക്കാർ ഗ്യാരന്റി
ഓട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്ന് 10 കോടി രൂപവരെ വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി നൽകാന് തീരുമാനിച്ചു. ദേശസാത്കൃത ബാങ്കിൽ നിന്ന് 10 കോടി രൂപവരെ വായ്പയെടുക്കാൻ സർക്കാർ ഗ്യാരന്റി അനുവദിച്ചു നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌ക്കരിച്ചാണിത്.
* സാധൂകരിച്ചു
കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷനിൽ 12.2.2021 ലെ ഉത്തരവ് പ്രകാരം നടപ്പാക്കിയ സ്റ്റാഫ് പാറ്റേണിനെതിരെ വിവിധ വിഭാഗം ജീവനക്കാർ സമർപ്പിച്ച കോടതി കേസുകളിലെ വിധികളുടെയും നിയമ വകുപ്പിന്റെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച 06.04.2022 ലെ ഉത്തരവ് സാധൂകരിക്കാൻ തീരുമാനിച്ചു.
* മയ്യിൽ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് ഭൂമി ഉപയോഗാനുമതി
നിലവിൽ വാടക കെട്ടിടത്തിൽ പ്രവര്ത്തിക്കുന്ന കണ്ണൂര് ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്മ്മിക്കാൻ മയ്യിൽ വില്ലേജിൽ പൊതുമരാമത്ത് റോഡ്‌സ് വകുപ്പിന്റെ കൈവശമുള്ള 0.2061 ഹെക്ടര് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ പുനർ നിക്ഷിപ്തമാക്കി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം നിബന്ധനകൾക്ക് വിധേയമായി പോലീസ് വകുപ്പിന് ഉപയോഗാനുമതി നൽകാൻ തീരുമാനിച്ചു.