കിറ്റുകള്‍ സപ്ലൈകോയില്‍ ഒരുങ്ങുന്നു
കോട്ടയം: ജില്ലയിലെ 4.98 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലെറ്റുകളില് ഒരുങ്ങുന്നു. സഞ്ചി അടക്കം പതിനാലിനങ്ങള്‍ അടങ്ങുന്നതാണ് ഓണക്കിറ്റ്. ഒരു കിലോ അരി, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍, കാല്‍കിലോ പരിപ്പ്, 100 ഗ്രാം തേയിലപ്പൊടി, 100 ഗ്രാം മുളകുപൊടി, ഒരു കിലോ ഉപ്പ്, 100 ഗ്രാം മഞ്ഞള്‍പ്പൊടി, അരക്കിലോ ഉണക്കലരി, 50 ഗ്രാം കശുവണ്ടിപരിപ്പ്, 20 ഗ്രാം ഏലയ്ക്കാ, 50 മില്ലി നെയ്, 100 ഗ്രാം ശര്‍ക്കര വരട്ടി എന്നിവയാണ് സൗജന്യകിറ്റില്‍.
കോട്ടയം ജില്ലയില്‍ പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തൊടുപുഴ ഡിപ്പോകള്‍ക്കു കീഴിലുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ചില്ലറ വില്പനകേന്ദ്രങ്ങളിലുമാണ് ഓണക്കിറ്റുകള്‍ തയാറാക്കുന്നത്. 101 കേന്ദ്രങ്ങളിലെ പാക്കിങ് കേന്ദ്രങ്ങളിലായി 437 പേരാണ് ഓണക്കിറ്റ് പാക്കിങ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജില്ലയില്‍ 4,98,280 കാര്‍ഡുടമകള്‍ക്കാണ് കിറ്റ്. പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കൂടി ഉള്‍പ്പെടുന്ന കോട്ടയം റീജണില്‍ മൊത്തം 12,47,531 കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളാണ് തയാറാക്കുക. കോട്ടയം റീജണില്‍ 212 പാക്കിങ് കേന്ദ്രങ്ങളിലായി 968 പേര് ഓണക്കിറ്റുകള്‍ തയാറാക്കുന്ന ജോലികളിലാണെന്ന് കോട്ടയം റീജണല്‍ മാനേജര്‍ സുള്‍ഫിക്കര്‍ അറിയിച്ചു.