പ്രളയക്കെടുതി ദുരിതം വിതച്ച പത്തനംതിട്ടയിലെ ഊർജിത രക്ഷാപ്രവർത്തനത്തിൽ
ജില്ലയിൽനിന്നുള്ള നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ രണ്ടു
ദിവസമായി ഇവർ രാപകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുകയാണ്. വള്ളങ്ങളിലും
ചെറു യാനങ്ങളിലും ഇവർ നടത്തുന്ന രക്ഷാപ്രവർത്തനം നൂറുകണക്കിനു
ജീവനുകൾക്കാണു രക്ഷാകവചമായത്.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 202 മത്സ്യത്തൊഴിലാളികളാണു
ജില്ലയിൽനിന്നു പത്തനംതിട്ടയിലേക്കു പോയത്. പൂവാർ, വലിയവേളി, വിഴിഞ്ഞം
എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണിവർ. 76 യന്ത്രവൽകൃത
വള്ളങ്ങളിലായി 202 അംഗ സംഘമാണു പോയിട്ടുള്ളതെന്നു ഫിഷറീസ് മേഖലാ
ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാരൻ പറഞ്ഞു. ഇവരെക്കൂടാതെ സന്നദ്ധ സംഘടനകൾ
വഴിയും സ്വന്തം നിലയും നിരവധി പേർ ഫൈബർ ബോട്ടുകളും ചെറു വള്ളങ്ങളുമായി
രക്ഷാ പ്രവർത്തന രംഗത്തുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
വലിപ്പം കുറവാണെന്നതും ആഴം ഒട്ടുമില്ലാത്ത സ്ഥലങ്ങളിൽപ്പോലും നിഷ്പ്രയാസം
ഓടിക്കാൻ കഴിയുമെന്നതുമാണു ചെറു മത്സ്യബന്ധന യാനങ്ങളിലെ രക്ഷാപ്രവർത്തനം
ഫലവത്താക്കിയത്. പത്ത് ആളുകളെ വരെ ഒരേ സമയം രക്ഷപ്പെടുത്തി സുരക്ഷിത
കേന്ദ്രങ്ങളിലേക്കു മാറ്റാനും കഴിയും.
ചെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിൽനിന്ന് രണ്ടു സ്പീഡ് ബോട്ടുകളും
ജീവനക്കാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂരിലേക്കു
പോയിട്ടുണ്ട്.