കോട്ടയം: സംസ്ഥാന സർക്കാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ ആറു മുതൽ ഒമ്പതു വരെ തിരുനക്കര മൈതാനത്ത് നടക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഓണാഘോഷവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ കൂടിയ ആലോചനായോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടർ.
സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ പ്രഗത്ഭ കലാകാരന്മാരടക്കം പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികൾ നടക്കും. വ്യാപാരി-വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് ദീപാലങ്കാര മത്സരം, പൊതുജനങ്ങൾക്കായി മഹാബലി പ്രച്ഛന്നവേഷ മത്സരം, മലയാളിമങ്ക മത്സരം എന്നിവ നടത്താൻ യോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ചു കുടുംബശ്രീയടക്കമുള്ള സ്ഥാപനങ്ങളുമായി ചേർന്ന് വിപണന-ഭക്ഷ്യമേളയും നടത്തുന്നത് ആലോചിക്കും. ഹരിതചട്ടം പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുക. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷം ഓണാഘോഷപരിപാടികൾ നടന്നിരുന്നില്ല.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.റ്റി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി. സി. രാജീവ് കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ഫിനാൻസ് ഓഫീസർ എസ്. ആർ. അനിൽകുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഡി. ബിജീഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, തഹസിൽദാർമാരായ എസ്.എൻ. അനിൽകുമാർ, വി.എസ്. സിന്ധു, റ്റി.ഐ. വിജയസേനൻ, ലീഡ് ബാങ്ക് മാനേജർ ഇ.എം. അലക്സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
