തൃശ്ശൂർ ജില്ലയിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം ഇനി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് കാരണം സിഎച്ച്സികളിൽ ഒപി ആറ് മണി വരെ പ്രവർത്തിച്ചിരുന്നില്ല.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ കാറ്റഗറി തിരിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് യോഗത്തിൽ കലക്ടർ നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി അവ വേഗത്തിലാക്കാനുളള നടപടികൾ സ്വീകരിക്കാൻ മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാരെ ഉൾപ്പെടുത്തി പ്രത്യേക യോഗങ്ങൾ ചേരും. തൃശൂർ മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിനുവേണ്ട സൗകര്യം പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിങ്, കെഎസ്ഇബി എന്നീ വിഭാഗങ്ങൾ സഹകരിച്ച് ഒരുക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള എല്ലാ കേസുകളും അടുത്ത സ്യൂട്ട് കോൺഫറൻസിൽ അവലോകനം ചെയ്യണമെന്നും ഇവയുടെ നിലവിലെ സ്ഥിതി അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ അറിയിക്കണമെന്നും തീരുമാനിച്ചു.

റവന്യൂ, വഖഫ് ഭൂമികളിൽ വലിയ തോതിലുള്ള കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎമാർ യോഗത്തിൽ അറിയിച്ചു. ഈ പ്രവണത ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. താഹസിൽദാർമാർ, സർവേയർമാർ എന്നിവരുടെ നേതൃത്വത്തിൽ ഈ കയ്യേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഹിതം ഉപയോഗിച്ച് ഓരോ പഞ്ചായത്തിലും എത്ര വീട് കൊടുക്കാം എന്ന ലിസ്റ്റ് സെപ്റ്റംബർ 6നകം ലഭ്യമാക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പള്ളി, കെ കെ രാമചന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.