ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഒരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച്-ഓണ്‍ കര്‍മം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ.രാജനും ചേര്‍ന്ന് നിര്‍വഹിച്ചു. ഇത്തവണത്തേത് മനുഷ്യനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഓണമാണെന്ന്് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങള്‍ക്ക് കാണം വില്‍ക്കാതെ ഓണമാഘോഷിക്കാനുള്ള സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു.

പ്രളയവും കോവിഡും മൂലം രണ്ട് വര്‍ഷമായി ഓണാഘോഷം സാധ്യമാകാതിരുന്നതിനാല്‍ ഇത്തവണ ആഘോഷങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കോവിഡാന്തരം വിനോദ സഞ്ചാര മേഖലയില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഓണം ആഘോഷങ്ങളിലും പ്രതീക്ഷിക്കുന്നതിനാല്‍ ഇത്തവണത്തെ ഓണം വാരാഘോഷം കൂടുതല്‍ വിപുലമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. സാധാരണ കവടിയാര്‍ കൊട്ടാരം മുതല്‍ മണക്കാട് വരെയുണ്ടാകുമായിരുന്ന ദീപാലങ്കാരം ഇത്തവണ നഗരത്തിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയുള്ള പാതയും കോവളവും ഇത്തവണ ദീപാലംകൃതമായി. സെപ്തംബര്‍ ആറുമുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടക്കുന്നത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍മാരായ ഡോ. റീന കെ.എസ്, അംശു വാമദേവന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.