സെപ്തംബര്‍ ആറു മുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് കനകക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ധനകാര്യ മേഖലയില്‍ കേരളത്തെ പിടിച്ചുമുറുക്കാന്‍ ശ്രമം നടക്കുമ്പോഴും ജനങ്ങള്‍ക്ക് കാണം വില്‍ക്കാതെ ഓണമാഘോഷിക്കാനുള്ള സാഹചര്യമാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍മാരായ ഡോ. റീന കെ.എസ്,അംശു വാമദേവന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഓണം വാരാഘോഷം : മാധ്യമ അവാര്‍ഡുകള്‍

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമഗ്ര കവറേജിനുള്ള മാധ്യമ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, സമഗ്ര റിപ്പോര്‍ട്ടിന് പത്രം എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച വീഡിയോ ഗ്രാഫര്‍, സമഗ്ര കവറേജിന് ടിവി ചാനല്‍ എന്നീ പുരസ്‌കാരങ്ങള്‍ ഉണ്ടാകും. കൂടാതെ മികച്ച കവറേജിന് ഓണ്‍ലൈന്‍ മീഡിയയ്ക്കും സമഗ്രവും മികച്ചതുമായ റിപ്പോര്‍ട്ടിംഗിന് എഫ്.എം റേഡിയോക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.