കേരളം നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത പ്രളയ സാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നു എന്ന ആശങ്ക പരക്കെ നില നില്‍ക്കുന്നു. പ്രളയവും അതിനോട് അനുബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിലവില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം ആയതിനു ശേഷം ഉരുത്തിരിയാവുന്ന മാനസിക ആരോഗ്യ  വെല്ലുവിളികള്‍ അതിതീവ്രം ആയിരിക്കുമെന്ന് മാനസികാരോഗ്യ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ രംഗത്തെ മികവിന്റെ കേന്ദ്രമായ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ ഇവയാണ്.ദുരന്ത മുഖത്തും അതിനുശേഷവും ആളുകള്‍ക്ക് മാനസിക ആഘാതം ഏല്‍ക്കുവാന്‍ സാധ്യത കൂടുതലാണ്. സാധാരണയായി ദുരന്തത്തിന് ശേഷം കാണുന്ന മാനസിക രോഗലക്ഷണങ്ങള്‍:

ഉറക്കമില്ലായ്മ, വിട്ടുമറാത്ത ദേഷ്യം, തലവേദന, കടുത്തകുറ്റബോധം, നിരാശ, സംസാരം തീരെ കുറയുക, കരച്ചില്‍, ഭക്ഷണത്തോട് താല്പര്യമില്ലാതാവുക, പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുക, അകാരണമായഭയം – പ്രത്യേകിച്ചും മഴ/വെള്ളം കാണുമ്പോള്‍ അല്ലെങ്കില്‍ ദുരന്തവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കള്‍ കാണുമ്പോള്‍, ആത്മഹത്യാചിന്തകള്‍. കുട്ടികളില്‍ മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൂടാതെ അകാരണമായ ദേഷ്യം പ്രകടിപ്പിക്കുക, വാശികാണിക്കുക, എപ്പോഴും മാതാപിതാക്കള്‍ കൂടെത്തന്നെവേണമെന്ന് ശാഠ്യം പിടിക്കുക എന്നിവയും കാണാം.

പരിഹാരമാര്‍ഗ്ഗങ്ങള്‍                                                                                                                                        • താന്‍ നേരിട്ട അനുഭവങ്ങള്‍ മറ്റുള്ളവരോട് തുറന്നു സംസാരിക്കുന്നതിനും പങ്കുവെക്കുന്നതിനും അവസരങ്ങള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക.
• നിലവില്‍ മാനസികരോഗചികിത്സയില്‍ ഉള്ളവര്‍മരുന്നുകള്‍ മുടങ്ങാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ കഴിയുന്നതും വേഗം വിദഗ്ധരുടെ ഉപദേശം തേടുകയും ചികിത്സ പുനരാരംഭിക്കുകയുംചെയ്യുക.
• മുന്‍പ് മാനസികരോഗങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗം വീണ്ടും വരാന്‍ ഇടയുണ്ട്. ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ പുനരാരംഭിക്കുകയും ചെയ്യാന്‍ ബന്ധുക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
• ശരിയായ ഉറക്കം കിട്ടുന്നുഎന്ന് ഉറപ്പു വരുത്തുക.
• ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കഴിവതും കൃത്യമായ സമയക്രമം പാലിക്കുക.
• കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക. കുട്ടികള്‍ ദുരന്തത്തെകുറിച്ചും അതിനോട് അനുബന്ധിച്ച മറ്റുകാര്യങ്ങളെകുറിച്ചും സംസാരിക്കുകയാണെങ്കില്‍ അവരെ പറയാന്‍ അനുവദിക്കുകയും ക്ഷമാപൂര്‍വ്വം കേള്‍ക്കുകയുംചെയ്യുക
• ആത്മീയ, സാമൂഹികകൂട്ടായ്മകളില്‍ പങ്കാളികളാവുക .
• പ്രതീക്ഷ കൈവിടാതിരിക്കുക, അതിജീവനം ദുഷ്‌കരമാണെങ്കിലും അസാധ്യമല്ല എന്ന് തിരിച്ചറിയുകയും ഒത്തൊരുമയോടെ പ്രയത്നിക്കുകയും ചെയ്യുക.

ദുരന്തമുഖത്ത് സന്നദ്ധസേവനങ്ങള്‍ ചെയ്യുന്നവര്‍ തങ്ങളുടെ മാനസ്സികാരോഗ്യവും കൂടി ശ്രദ്ധിക്കണം.