കുംഭകുലുക്കി ഓണത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തെ കീഴടക്കി പുലികള്‍. മഞ്ഞയും ഓറഞ്ചും കറുപ്പും കലര്‍ന്ന നിറങ്ങളില്‍ പുലിമുഖത്തിന്റെ രൗദ്രത. അരമണി കിലുക്കത്തിനൊപ്പം ചുവട് വച്ച് പതിയെ മേളപ്പെരുക്കത്തിനൊപ്പം കൊട്ടിക്കയറിയ പകര്‍ന്നാട്ടം.

ഇതും വെറും പുലികളല്ല തൃശൂരില്‍ നിന്നറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ പുലികള്‍. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നിന്നാരംഭിച്ച വിളംബര ജാഥയുടെ ഭാഗമായിരുന്നു പുലികളി. അതും ആദ്യമായാണ് തൃശൂരിലെ പുലികള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക ഓണാഘോഷത്തിന്റെ ഭാഗമാകുന്നത്.

പുലികളുടെ സാന്നിധ്യം സന്തോഷം നല്‍കുന്നുവെന്ന് ഉദ്ഘാടകന്‍ കൂടിയായ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മന്ത്രി ചെണ്ടയില്‍ താളം തീര്‍ത്തപ്പോള്‍ അതിനൊപ്പം പുലികള്‍ ചുവട് വച്ചതോടെ പുലികളി കൂടിച്ചേരലുകളുടെ നേര്‍സാക്ഷ്യം കൂടിയായി. പുലികള്‍ക്കൊപ്പം ചുവടു വച്ച് വി.കെ പ്രശാന്ത് എം.എല്‍.എയും ചേര്‍ന്നതോടെ ആഘോഷങ്ങള്‍ വേറെ ലെവല്‍.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വാദകരായപ്പോള്‍, നല്ല തൃശൂര്‍ ഭാഷയില്‍ തിരുവനന്തപുരത്തിനോടുള്ള സ്‌നേഹം പങ്കുവയ്ക്കാനും പുലികള്‍ മറന്നില്ല. തിരുവനന്തപുരത്തുകാര്‍ തങ്ങള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും സഹകരണവും നല്‍കുന്നുവെന്ന് പുലികള്‍.

തൃശൂര്‍ സ്വരാജ് ഗ്രൗണ്ടില്‍ സ്ഥിരമായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് തലസ്ഥാനത്ത് പുലികളിക്ക് എത്തിയത്. ഓണം വിളംബര ജാഥയുടെ ഭാഗമായി സംഘം ഇന്ന് നഗരത്തിലെ പ്രധാന വേദികള്‍ സന്ദര്‍ശിക്കും.