ഓണത്തോട് അനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 62 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്ത് 1,50,000 രൂപ പിഴ ഈടാക്കി. പ്രത്യേക സ്ക്വാഡ് ആണ് ജില്ലയിൽ എല്ലാ താലൂക്കിലും പരിശോധന നടത്തിയത്. പ്രത്യേക സ്ക്വാഡ് പരിശോധന തുടരും.
യഥാസമയം മുദ്രപതിപ്പിക്കാതിരിക്കുക, കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ച് വില്പന നടത്തുക, രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വില്പന നടത്തുക എന്നീ നിയമ ലംഘനങ്ങൾ നടത്തിയ 50 വ്യാപാരസ്ഥാപങ്ങൾക്കെതിരെയും, പായ്ക്കിങ് രജിസ്ട്രേഷൻ എടുക്കാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വില്പന നടത്തിയ 8 വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും, നിർദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതെ വില്പന നടത്തിയതിനു 3 സ്ഥാപനങ്ങൾക്കെതിരെയും, അളവിൽ കുറവ് വില്പന നടത്തിയത് കണ്ടെത്തിയതിനു ഒരു സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു. പഴം, പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന തുടരും.
ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ (ജനറൽ ) ഷെയ്ഖ് ഷിബു. എസ്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ (ഫ്ലയിങ് സ്ക്വാഡ് ) ഷാമോൻ. സി എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡ് ആയാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് അസിസ്റ്റന്റ് കൺട്രോളർ ഷിന്റോ എബ്രാഹം, ഇൻസ്പെക്ടർമാരായ എൽദോ ജോർജ്, വിപിൻ യൂ .വി, സഞ്ജയ് സോമന്, അബ്ദുള്ള എം.എ എന്നിവർ നേതൃത്വം നൽകി. പരിശോധനയില്‍ എം.എസ് ശ്രീകുമാർ, സനില്‍ കുമാര്‍ സി .എസ് , അനിൽ കുമാർ സി .വി , ബഷീർ .വി. മുഹമ്മദ്, ഹരീഷ് കെ, ജുബി രാജു എന്നിവർ പങ്കെടുത്തു.