കുമളി ഗ്രാമപഞ്ചായത്തിൽ ഓണം ടൂറിസം വാരാഘോഷത്തിന് സമാപനമായി. കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് മുഖേന കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോർട്ട് അസോസിയേഷൻ, ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ എന്നിവരുമായി ചേർന്നുകൊണ്ട് വിപുലമായാണ് ഇത്തവണ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഹോളിഡേ പരിസരത്ത് നിന്ന് ആരംഭിച്ച വർണാഭമായ വിളംബര റാലിയോടെയാണ് സമാപന ചടങ്ങുകൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാകുന്നേൽ ഫ്ലാഗ് ഓഫ് ചെയ്ത റാലിയിൽ കുമളി ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങളിൽ അണിനിരന്നു. കൂടാതെ കുട്ടികളുടെ സ്‌കേറ്റിങ്, മഹാബലി, തെയ്യം, മയിലാട്ടം, കളരിപയറ്റ്, വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, തുടങ്ങിയവ റാലിയുടെ മാറ്റുകൂട്ടി.
തുടർന്ന് കുമളി ബസ് സ്റ്റാൻഡ് പൊതുവേദിയിൽ നടന്ന സമാപന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആരും പട്ടിണി കിടക്കാതെ വിഭവ സമൃദ്ധമായ ഓണം ആഘോഷിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളതെന്നും മാവേലി സ്റ്റോറുകൾ, സഹകരണ സ്റ്റോറുകൾ മുഖാന്തിരം നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിർത്താനുള്ള ഇടപെടൽ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ഗ്രാമ പഞ്ചായത്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഐറിൻ ട്രീസയെ ചടങ്ങിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
കലാ കായിക മത്സരങ്ങൾ, അത്ത പൂക്കള മത്സരം, വിവിധ കലാപരിപാടികൾ തുടങ്ങിയവയുമായി അതി വിപുലമായാണ് കോവിഡ് കാല അടച്ചുപൂട്ടലിന് ശേഷമുള്ള ഇത്തവണത്തെ ഓണം കുമളി ഗ്രാമ പഞ്ചായത്തിൽ ഓണം ടൂറിസം വാരാഘോഷമായി ആഘോഷിച്ചത്. മത്സര ഇനങ്ങളിൽ വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ എം സിദ്ദിഖ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ രജനി ബിജു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.