തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ ഒത്തുചേരലുകൾ, ആഘോഷങ്ങൾ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മൂക്കും വായും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കുകയും വേണം. പൊതു ഇടങ്ങളിൽ സ്പർശിക്കേണ്ടി വന്നാൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ പൊതു പരിപാടികളിൽ പങ്കെടുക്കരുത്. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുകയും കോവിഡ് ടെസ്റ്റിന് വിധേയമാകുകയും ചെയ്യുക. കിടപ്പുരോഗികൾ, ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, കുട്ടികൾ തുടങ്ങിയവർ വീട്ടിൽ ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തുക. എസ്എംഎസ് പാലിച്ചുകൊണ്ട് കരുതലോടെ ഓണം ആഘോഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഡിഎംഒ അഭ്യർത്ഥിച്ചു
