പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്കുന്നു. ക്ലസ്റ്റര്‍ മുഖേന പന്തല്‍ കൂടാതെയുളള വാണിജ്യ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് 20,000 രൂപയും പന്തല്‍ കൃഷിക്കായി 25,000 രൂപയും ധനസഹായമായി നല്‍കും. കോണ്‍ക്രീറ്റ്, പാറക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച്് തൂണുകള്‍ സ്ഥാപിച്ച 8 മുതല്‍ 9 ഗേജ് വലിപ്പമുളള സ്റ്റീല്‍-ഇരുമ്പ് വയറുകള്‍ വിന്യസിച്ച് സ്ഥിര സ്വഭാവമുളള പന്തലുകള്‍ നിര്‍മ്മിക്കുന്നതിന് ഹെക്ടറൊന്നിന് രണ്ട് ലക്ഷം രൂപയും 25 സെന്റിന് 20,000 രൂപയും 10 സെന്റിന് 8000 രൂപയുമാണ് ധനസഹായമായി നല്‍കുന്നത്. പച്ചക്കറി കൃഷിക്കുതകുന്ന ജലസേചന പമ്പ് സെറ്റുകള്‍ സ്ഥാപിക്കുന്നതിന് അമ്പത് ശതമാനം സബ്സിഡിയോടെ പരമാവധി 10000 രൂപയും നാപ്സാക്ക് സപ്രയറുകള്‍ക്കും പവര്‍ സപ്രയറുകള്‍ക്കും 1500 രൂപയും ലഭിക്കും. ശീതകാല പച്ചക്കറി കൃഷിക്കായി ഹെക്ടറൊന്നിന് 30,000 രൂപയാണ് ധനസഹായം. പരമ്പരാഗതയിനങ്ങളുടെ കൃഷിക്കായി 10,000 രൂപയും നല്‍കും. മഴ മറകള്‍ (റെയിന്‍ഷെല്‍ട്ടറുകള്‍) സ്ഥാപിക്കുന്നതിന് ചതുരശ്ര മീറ്ററിന് 500 രൂപ നിരക്കില്‍ പരമാവധി 50,000 രൂപ വരെ ധനസഹായം ലഭിക്കും. ടെറസ്സുകളിലും മറ്റും മണ്‍ചട്ടികളിലോ സിമന്റ് ചട്ടികളിലോ (25 എണ്ണം) പച്ചക്കറി കൃഷിയൊരുക്കുന്നതിനും വെര്‍ട്ടിക്കല്‍ പച്ചക്കറി ഗാര്ഡന് ഒരുക്കുന്നതിനും ഹൈഡ്രോപോണിക്സ് യൂണിറ്റിനും നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് 2000 രൂപ ധനസഹായമായി ലഭിക്കും. സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സ്ഥാപനങ്ങള്‍ക്കും പച്ചക്കറി കൃഷിത്തോട്ടങ്ങളൊരുക്കുന്നതിന് സെപ്തംബര്‍ 25 നകം സമര്‍പ്പിക്കുന്ന പ്രൊജക്ടുകളുടെ അടിസ്ഥാനത്തില്‍ 1 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും. പദ്ധതി ആനുകൂല്യങ്ങള്‍ക്കായി അപേക്ഷയും അനുബന്ധരേഖകളും നിശ്ചിത സമയത്തിനകം അതാത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം.