** കുടിവെള്ളം ആവശ്യമുള്ളിടത്ത് ടാങ്കറിൽ എത്തിക്കും
** ശുചീകരണ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണം

തിരുവനന്തപുരം: മഴക്കെടുതി മൂലം വിവിധ ക്യാമ്പുകളിൽ താമസിച്ചു സ്വന്തം വീടുകളിലേക്കു മടങ്ങുന്നവരുടെ പുനരധിവാസം സംബന്ധിച്ച് തിരുവനന്തപുരത്തെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്നു. മഴക്കെടുതിയിൽ
മലിനജലം കയറി നിറഞ്ഞ കിണറുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യാൻ തീരുമാനിച്ചു.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
നേതൃത്വം നൽകണം. കുടിവെള്ളം ആവശ്യമുള്ളിടത്തുനിന്ന് അറിയിച്ചാൽ ടാങ്കറിൽ
ശുദ്ധജലം എത്തിക്കുമെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
വീടുകളിലേക്കു തിരിച്ചെത്തുന്നവർ മെയിൻ സ്വീച്ച് ഓൺ ആക്കരുതെന്നും ഒരു
ഇലക്ട്രീഷ്യന്റെ സാന്നിധ്യത്തിൽ മാത്രം വൈദ്യുതോപകരണങ്ങൾ
പ്രവർത്തിപ്പിക്കണമെന്നും കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിൽനിന്നുള്ള 360 പേർ അടങ്ങുന്ന ഗ്രീൻ ആർമി
(ഓഗസ്റ്റ് 21) ശുചീകരണത്തിന് ആവശ്യമായ വസ്തുക്കളുമായി ചെങ്ങന്നൂരേയ്ക്കു
തിരിക്കും. വർക്കല, ആറ്റിങ്ങൽ നഗരസഭകളിൽനിന്നുള്ള നൂറിലധികം ജീവനക്കാരും
ശുചീകരണ പ്രക്രിയയ്ക്കുള്ള അവശ്യ സാധനങ്ങളുമായി ചെങ്ങന്നൂരിലേക്കു
പുറപ്പെടും.

ജനമൈത്രി പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, നാഷണൽ സർവീസ് സ്‌കീം
എന്നിവർ ശുചീകരണ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാനും യോഗത്തിൽ
തീരുമാനമായി. കുടുംബശ്രീ, പഞ്ചായത്ത് തലത്തിൽ എട്ടു മുതൽ പത്തു പേർ
അടങ്ങുന്ന സംഘമായി തിരിഞ്ഞ് തിരുവനന്തപുരം ജില്ലയിലെ ശുചീകരണ
പ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗം തീരുമാനിച്ചു. ഇതിന് ആവശ്യമായ
ബ്ലീച്ചിങ് പൗഡർ, ലോഷൻ, മറ്റ് അണുനാശിനികൾ എന്നിവ ആരോഗ്യ വകുപ്പും മറ്റു
വകുപ്പുകളും നൽകും. മുഴുവൻ പ്രവർത്തനങ്ങളും ജില്ലാ ശുചിത്വ മിഷന്റെ
മേൽനോട്ടത്തിലാകും നടക്കുക. വിവിധ ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി
സന്നദ്ധ പ്രവർത്തകർ മുന്നോട്ടു വരണമെന്ന് യോഗം അഭ്യർഥിച്ചു. അതതു ജില്ലാ
ഭരണകൂടവുമായി ഇവർക്കു ബന്ധപ്പെടാം.

എ.ഡി.എം. വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി
കളക്ടർ(ഡിസാസ്റ്റർ മാനേജ്‌മെന്റ്) അനു എസ്. നായർ, ശുചിത്വ മിഷൻ ജില്ലാ
കോ-ഓർഡിനേറ്റർ പി.കെ. അനൂപ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ
എന്നിവർ സംബന്ധിച്ചു.