നെല്ലിയാമ്പതിയില്‍ മൊബൈല്‍ വിനിമയ സംവിധാനം മൈക്രോവേവ് ടവര്‍ വഴി താല്‍ക്കാലികമായി പുനസ്ഥാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇനി മൊബൈലില്‍ ബന്ധപ്പെടാവുന്നതാണ്. സിമന്റും ക്വാറി അവശിഷ്ടങ്ങളും, പൈപ്പുകളും ഉപയോഗിച്ച് കുണ്ടറചോല പാലം മണല്‍ചാക്കുകള്‍ കൊണ്ട് കെട്ടിപൊക്കി താല്‍ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട്. പാലത്തിന് ശേഷമുളള നെല്ലിയാമ്പതിയിലേക്കുളള പാത, ഓട്ടോ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാവുന്നവിധം  റവന്യൂ, പൊലീസ്, പി.ഡബ്ള്‍.യൂ.ഡി, ഫയര്‍ഫോഴ്‌സ് , തോട്ടം തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട്. അതുവഴി ഒരു വണ്ടി കടത്തിവിടുകയും ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഇന്നും കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ പ്രദേശത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഹെലികോപ്റ്റര്‍ ശ്രമം ആഗസ്റ്റ് 23-നും തുടരും. 80 ശതമാനം വീടുകളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് 600 ലിറ്റര്‍ ഡിസല്‍, 50 ലിറ്റര്‍ പെട്രോള്‍, 100 ലിറ്റര്‍ മണ്ണെണ്ണ, അഞ്ച് കിലോയുടെ 100 എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളും എത്തിച്ചിട്ടുണ്ട്.