സ്ഫടിക തുണ്ടുകളിൽ കരവിരുതിന്റെ പ്രൗഢി തീർത്ത് കുപ്പിവളകളുമായി മലബാർ ക്രാഫ്റ്റ് മേളയെ വർണ്ണാഭമാക്കുകയാണ് ദില്ലിയിൽ നിന്നെത്തിയ മുഹമ്മദ് യാമീൻ. പച്ച, ചുവപ്പ്, നീല, കറുപ്പ് തുടങ്ങി യാമീന്റെ ശേഖരത്തിൽ അനേകം നിറങ്ങളിലുള്ള വളകളാണ് ഉള്ളത്. പൂർണ്ണമായും ഗ്ലാസിൽ നിർമിച്ച വളകൾ അത്ര വേഗത്തിൽ പൊട്ടുകയില്ലെന്നതാണ് പ്രത്യേകത. ഇത് അനുഭവസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഫിറോസാബാദിൽ നിന്നും നിർമ്മാണ വസ്തുക്കൾ വാങ്ങി കൈ കൊണ്ട് പണിതെടുക്കുന്നവയാണ് ഇവ. ഉത്തരേന്ത്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന തരത്തിലുള്ള ഈ വളകൾക്ക് മേളയിലും പ്രിയമേറെ. അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ, മുൻ ഗവർണറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് എന്നിവരെല്ലാം യാമീന്റെ വളകൾ അണിഞ്ഞിട്ടുണ്ട്. കശ്മീർ മുതൽ കന്യാകുമാരി വരെ സഞ്ചരിച്ചാണ് 80 വയസ് പ്രായമുള്ള യാമീൻ വളകൾ വിൽക്കുന്നത്.

സ്വപ്നനഗരിയിൽ നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേളയിൽ കേരളം ഉൾപ്പെടെ 30 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്. മേള ഒക്ടോബർ 16 വരെ തുടരും.