കഴിഞ്ഞവർഷം കേരളത്തിൽ ഉദ്പാദിപ്പിച്ചത് 25,34,000 മെട്രിക് ടൺ പാൽ

ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ക്ഷീര വികസന വകുപ്പ്, കോഴിക്കോട് കോർപറേഷൻ, ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിയ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷത്തെ പ്രതിവർഷ പാലുൽപാദനം 25,34,000 മെട്രിക് ടൺ ആണ്. ലക്ഷക്കണക്കിന് ​ഗ്രാമീണർക്ക് തൊഴിൽ നൽകുകയും ​ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നായി മാറാൻ ക്ഷീര മേഖലക്ക് സാധിച്ചു. സംസ്ഥാന സർക്കാർ ക്ഷീരമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്. ക്ഷീരകർഷകർക്ക് ഉയർന്ന പാൽവില നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാ​ഗമായി നടന്നു. ആദായകരമായ ക്ഷീരോൽപാദനം, കന്നുകാലി രോ​ഗങ്ങളും നിവാരണവും എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.

നടുവട്ടം ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോർപറേഷൻ നഗരാസൂത്രണകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍, ക്ഷീരവികസനവകുപ്പ് ഡെ.ഡയറക്ടർ രശ്മി ആർ, ക്ഷീരവികസന ഓഫീസർ സനിൽ കുമാർ പി, ജനപ്രതിനിധികൾ, ഉദ്യോ​ഗസ്ഥർ, ക്ഷീരസഹകരണ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.